പെരിന്തൽമണ്ണ: മേലാറ്റൂർ-പുലാമന്തോൾ റോഡിന്റെ കരാർ ചുമതലയിൽനിന്ന് ബന്ധപ്പെട്ട കമ്പനിയെ ഒഴിവാക്കാനുള്ള ആദ്യ കത്ത് നൽകിയതായി മരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. കരാർ പ്രകാരം പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ ഉടമ്പടി റദ്ദാക്കാനായി 15 ദിവസം ഇടവിട്ട് മൂന്ന് കത്തുകൾ നൽകാറുണ്ട്. ഇതിന്റെ ഭാഗമായി ആദ്യ കത്താണ് നൽകിയത്. സാധാരണഗതിയിൽ ആദ്യ കത്ത് ലഭിക്കുമ്പോൾതന്നെ കരാർ കമ്പനികൾ പ്രവൃത്തി പൂർത്തിയാക്കാൻ സന്നദ്ധത അറിയിക്കാറുണ്ട്. 139 കോടി കണക്കാക്കിയാണ് 30 കി.മീ. പാത 18 മാസംകൊണ്ട് പുതുക്കിപ്പണിത് കൈമാറേണ്ടത്.
2020 സെപ്റ്റംബർ 29ന് ഒന്നാം എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. മരാമത്ത് വകുപ്പിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) വിഭാഗം കുറ്റിപ്പുറത്തെ ഓഫിസാണ് മേൽനോട്ടം വഹിക്കുന്നത്. പണി ഇഴഞ്ഞുനീങ്ങുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യു.ഡി.എഫ് സമരയാത്രയും സ്വകാര്യ ബസുടമകളും തൊഴിലാളികളും ഒരു ദിവസത്തെ ബസ് പണിമുടക്ക് എന്നിവയും പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ വ്യാപാരി സംഘടന സർക്കാറിനെതിരെ മാർച്ചും നടത്തി. ഇതോടെയാണ് മരാമത്ത് വകുപ്പിന്റെ പുതിയ നീക്കം.
അതേസമയം, കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 57 ശതമാനം പ്രവൃത്തി പൂർത്തിയാക്കിയ കരാർ കമ്പനി 51 ശതമാനത്തിന്റെ ബില്ല് സമർപ്പിച്ച് തുക കൈപ്പറ്റിയിട്ടുണ്ടെന്നും മരാമത്ത് വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.