പെരിന്തൽമണ്ണ: ഫണ്ടനുവദിച്ച് അഞ്ചാം വർഷത്തിലേക്ക് കടന്നിട്ടും നിർമാണം പാതിവഴിയിലായ മേലാറ്റൂർ-പുലാമന്തോൾ റോഡിലെ കരാർ കമ്പനിയെ ഒഴിവാക്കിയ സർക്കാർ നടപടി കോടതി ശരിവെച്ചു. മൂന്നു മാസത്തോളം മുമ്പാണ് കരാർ റദ്ദാക്കിയത്. തുടർന്ന് കമ്പനി ഹൈകോടതിയിൽ അപ്പീൽ നൽകി. ഇതോടെ നടപടി താൽകാലികമായി സ്റ്റേ ചെയ്തു. ഈ സ്റ്റേയാണ് ഇപ്പോൾ നീക്കിയത്. ഉറപ്പു പറഞ്ഞ തീയതിയിൽ പ്രവൃത്തി പുനരാരംഭിക്കാൻ കമ്പനിക്കായില്ല. അതോടെയാണ് സ്റ്റേ നീക്കി ഉത്തരവിറങ്ങിയത്. റോഡി ന്റെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരങ്ങളും കോടതിയിൽ നൽകിയെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നടത്തിയതാണിത്. 144 കോടി അടങ്കൽ കണക്കാക്കി റീബിൽഡ് കേരള ഇനീഷ്യേറ്റീവ് (ആർ.കെ.ഐ) പദ്ധതിയിലാണ് ഫണ്ടനുവദിച്ചത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30.88 കി.മീ ആണ് പ്രവൃത്തി നടത്തേണ്ട റോഡ്. 139 കോടിക്ക് ഒന്നര വർഷം കൊണ്ട് തീർക്കാനാണ് കരാർ നൽകിയത്. നാലു വർഷം പിന്നിട്ടിട്ടും 51.06 ശതമാനത്തിലാണ്. റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ കരാർ കമ്പനിയും ഉദ്യോഗസ്ഥരുമാണ് കുറ്റക്കാരെന്ന് ആരോപിച്ച് ജനകീയ സമരസമിതി 24 ന് പുലാമന്തോൾ കട്ടുപ്പാറയിൽ റോഡ് ഉപരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കരാർ കമ്പനി റോഡ് ഏറ്റെടുത്തിട്ടും പ്രവൃത്തി വേണ്ടപോലെ നീങ്ങാതായപ്പോൾ മരാമത്ത് വകുപ്പ് മന്ത്രിക്ക് പലവട്ടം പരാതികൾ നൽകിയിരുന്നെങ്കിലും ഫലപ്രദമായി ഇടപെട്ടില്ല. നാട്ടുകാരുടെ പരാതി കൂടിയതോടെ 2022 ൽ മന്ത്രി മുഹമ്മദ് റിയാസ് പെരിന്തൽമണ്ണയിൽ റോഡ് പ്രവൃത്തി സന്ദർശിച്ച് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. കെ.എസ്.ടി.പിയുടെ ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ ഏറ്റെടുത്ത കമ്പനിയെ കൊണ്ട് പണി പൂർത്തിയാക്കിക്കാൻ കഴിഞ്ഞില്ല.
പെരിന്തൽമണ്ണ: പരമാവധി ഒരു വർഷം കൊണ്ട് തീർക്കാവുന്ന പുലാമന്തോൾ-മേലാറ്റൂർ പാതയുടെ വീതികൂട്ടിയുള്ള നവീകരണവും അഴുക്കുചാൽ നിർമാണവും ഏറ്റെടുത്ത കരാർ കമ്പനിയെ മാറ്റിയെങ്കിലും റോഡ് നിർമാണം ഇനിയും വൈകും. ശേഷിക്കുന്ന ഭാഗത്തെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിൽനിന്ന് അംഗീകാരം വാങ്ങണം. ശരാശരി 71.5 കോടിയുടെ പ്രവൃത്തിയാണ് പൂർത്തിയായത്. പദ്ധതിയുടെ അടങ്കൽ തുകയിൽ പകുതിയോളമാണ് ചെലവിടാനുള്ളത്. 2016 ലെ നിരക്ക് വെച്ചാണ് നിലവിലെ എസ്റ്റിമേറ്റ്. ഇത് 2018 ലെ നിരക്ക് വെച്ച് എസ്റ്റിമേറ്റിടുമ്പോൾ പ്രവർത്തി പൂർത്തിയാക്കാൻ അധികം തുക വേണ്ടി വരും. എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കൽ, അധികം വരുന്ന തുക അനുവദിക്കൽ എന്നിവയെല്ലാം കഴിഞ്ഞ് ടെൻഡർ നടത്തി പുതിയ കരാറുകാർ ഏറ്റെടുത്താണ് പണി നടത്തേണ്ടത്. മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ വലിയ കുഴികളാണ്.
റോഡ് ടാറിങ് അടർന്ന് ഗതാഗതം സാധ്യമല്ലാത്ത വിധം പലയിടത്തും തകർന്നിട്ടുണ്ട്. സുഗമമാക്കാൻ 50 ലക്ഷം മതിപ്പ് ചെലവു കണക്കാക്കി കുഴിയടക്കാനുള്ള എസ്റ്റിമേറ്റ് കെ.എസ്.ടി.പി തയാറാക്കുകയാണ്. ഈ തുക ആരുടെ ചെലവിൽ ചേർക്കുമെന്ന അനിശ്ചിതത്വവുമുണ്ട്. ഇക്കാര്യങ്ങൾ വീണ്ടും വ്യവഹാരങ്ങളിലേക്ക് നീങ്ങാനും ഇടയുണ്ട്. റോഡ്പണി കഴിയുന്നത് വരെ കാത്തിരിക്കാനാവാത്ത വിധമാണ് റോഡിലെ കുഴികൾ. അതിനിടെ സർക്കാറിനെയും മന്ത്രിയെയും പരാമർശിക്കാതെ കരാറുകാരെയും ഉദ്യോഗസ്ഥരെയുംകുറ്റപ്പെടുത്തുകയാണ് ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.