പെരിന്തൽമണ്ണ: കാദറലി സെവൻസ് ഫുട്ബാൾ 17 മുതൽ രാത്രി എട്ടിന് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. 51 ാമത് ടൂർണമെന്റാണ് ഇത്തവണ. നെഹ്റു സ്റ്റേഡിയത്തിൽ ഫ്ലഡ് ലിറ്റിന്റെയും ഗാലറിയുടെയും പണികൾ പൂർത്തിയായി.
10,000 പേർക്കിരിക്കാവുന്ന സ്റ്റീൽ ഗാലറി സൗകര്യങ്ങളാണ് ഒരുക്കുന്നത്. 24 ടീമുകളാണ് ഇത്തവണ മാറ്റുരക്കുക. ടൂർണമെന്റിലെ വരുമാനം മുഴുവനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഇ.എം.എസ് വിദ്യാഭ്യാസ കോംപ്ലക്സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അശരണരായ രോഗികൾ, നിരാലംബരായ കുടുംബങ്ങൾ, കിടപ്പ് രോഗികൾ എന്നിവർക്കുമായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ രജിസ്റ്റർ ചെയ്ത് മൂന്നുപേരെ ഒരേസമയം കളിക്കളത്തിലിറക്കാം. സെവൻസ് ഫുട്ബാൾ അസോസിയേഷനിൽ നിലവിൽ 39 ക്ലബുകളാണ്.
കളിക്കളത്തിൽ ലഹരി ഉപയോഗിച്ച് ഇറങ്ങുന്നത് കർശനമായി വിലക്കുകയും പിടിക്കപ്പെട്ടാൽ മറ്റു നടപടികളിലേക്ക് കടക്കുമെന്നും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
ഉദ്ഘാടന ദിവസം കഴിഞ്ഞവർഷത്തെ ജേതാക്കളായ ഇസാ ഗ്രൂപ്പ് ബെയ്സ് പെരുമ്പാവൂർ എ.വൈ.സി ഉച്ചാരക്കടവുമായി മത്സരിക്കും. ഓരോ മത്സരത്തിനൊപ്പം വെറ്ററൻസ് ഫുട്ബാൾ ടൂർണമെൻറും അണ്ടർ 20 മത്സരവും നടക്കും.
രാത്രി 7.30ന് മത്സരം ആരംഭിക്കും. ഒരുമാസം നീണ്ടു നിൽക്കുന്ന ഫുട്ബാൾ ടൂർണമെൻറ് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ.ഡി.എം എൻ.എം. മെഹറലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ഭക്ഷ്യ കമീഷനംഗം വി. രമേശൻ, നഗരസഭാധ്യക്ഷൻ പി. ഷാജി എന്നിവർ പങ്കെടുക്കും. ടൂർണമെന്റിന്റെ വിളംബര ഘോഷയാത്ര 17ന് വൈകീട്ട് നാലിന് പെരിന്തൽമണ്ണ നഗരത്തിൽ നടക്കും. വാർത്ത സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് സി. മുഹമ്മദാലി, ജനറൽ സിക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, സി.എച്ച്. മുസ്തഫ, മണ്ണേങ്ങൽ അസീസ്, യൂസഫ് രാമപുരം, എച്ച്. മുഹമ്മദ് ഖാൻ, ഡോ. നിലാർ മുഹമ്മദ് എന്നിവരും ക്ലബ് അംഗങ്ങളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.