പെരിന്തൽമണ്ണ: അമൃത് സ്പെഷൽ അസിസ്റ്റന്റ് പലിശരഹിത വായ്പയിൽ പെരിന്തൽമണ്ണ നഗരസഭ 19 കോടിയുടെ രണ്ടു പദ്ധതികൾ സമർപ്പിക്കും. നിലവിൽ നിർമാണം പൂർത്തിയാകാത്ത മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് വികസനത്തിന് ഏഴു കോടിയും നിക്ഷേപ സമാഹരണം വഴി നിർമാണം പാതിവഴിയിൽ നിലച്ച ഇൻഡോർ മാർക്കറ്റ് പൂർത്തിയാക്കാൻ 12 കോടിയുമാണ് ഉൾപ്പെടുത്തുക.
50 വർഷം കൊണ്ട് പലിശയില്ലാതെ തിരിച്ചടക്കേണ്ട വിഹിതമാണ്. ഫലത്തിൽ നഗരസഭക്ക് ഗ്രാന്റായി ലഭിക്കുന്ന വിധത്തിലാണ് വിഹിതം. നഗരസഭക്ക് വരുമാനം ലഭിക്കുന്ന പദ്ധതിയാവണം എന്നാണ് പ്രധാന നിബന്ധന. രണ്ടു പദ്ധതിയിലും അത് ഉൾക്കൊള്ളും. സംസ്ഥാന സർക്കാർ വഴി 200 കോടിരൂപ ഇത്തരത്തിൽ തിരിച്ചടക്കേണ്ട ഗ്രാന്റായി ലഭിച്ചതിൽ നിന്നാണ് വ്യവസ്ഥകൾ പാലിച്ച് 19 കോടി തേടുക.
മുൻ ഭരണസമിതിയുടെ കാലത്ത് തയാറാക്കി നിർമാണം ഏകദേശം പൂർത്തിയായതാണ് 35 കോടി രൂപ അടങ്കൽ വരുന്ന മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ്. ബഹുനില ഷോപ്പിങ് കോംപ്ലക്സാണ് പദ്ധതി. ഇതിൽ ഒറ്റ നിലയേ പണിതിട്ടുള്ളൂ. 150 ലേറെ വ്യാപാര സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് മാസ്റ്റർപ്ലാൻ. 50 ലേറെ ബസുകൾ ഒരേസമയം നിർത്തിയിടാനുള്ള സൗകര്യമാണ് കണക്കാക്കിയത്.
ഫണ്ടില്ലാത്തതിനാൽ ഒന്നാംഘട്ടം പൂർത്തിയാക്കി പദ്ധതി നിലച്ചു. അമൃത് പദ്ധതിയിൽ ഏഴുകോടി രൂപ ഇതിനായി ആവശ്യപ്പെടും. 38.5 കോടിയുടെ ഇൻഡോർ മാർക്കറ്റ് നിർമാണവും ഫണ്ടില്ലാതെ നിലച്ചതാണ്. ഇത് പൂർത്തിയാക്കാനെന്ന് വ്യക്തമാക്കി 30 കോടി രൂപ വായ്പയെടുക്കാൻ അനുമതി തേടിയതിൽ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. ഇൻഡോർ മാർക്കറ്റ് ചൂണ്ടിക്കാട്ടി 12 കോടിയുടെ പദ്ധതി തയാറാക്കി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.