പെരിന്തൽമണ്ണ: 40 കോടി രൂപ മുടക്കി നിർമിക്കുന്ന ആധുനിക ഇൻഡോർ മാർക്കറ്റിന് മുൻകൂർ പണം നൽകി മുറികൾ ലേലത്തിനെടുത്തവർ കെട്ടിടം പൂർത്തിയാവാത്തതിനാൽ നിരാശയിൽ. ഒറ്റ വർഷം കൊണ്ട് കെട്ടിടം പൂർത്തിയാക്കി സംരംഭം തുടങ്ങാൻ സൗകര്യം ചെയ്ത് നൽകുമെന്ന് ഉറപ്പു നൽകിയാണ് പ്രവാസികളിൽ നിന്നടക്കം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മുൻകൂറായി പണം വാങ്ങിയത്. ഇതിനായി കെട്ടിടത്തിന്റെ രൂപരേഖമാത്രം കാണിച്ച് രണ്ടു ദിവസം ലേലനിക്ഷേപ സംഗമവും നടത്തി. 2019 ഫെബ്രുവരി 19 നാണ് മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർമാണോദ്ഘാടനം നിർവഹിച്ചത്. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു നഗരസഭ അറിയിച്ചിരുന്നത്. ഇത് പൂർത്തിയാക്കാൻ കൂടിയാണ് മുൻകൂർ നിക്ഷേപം സ്വീകരിച്ചത്.
അതേസമയം, പണം മുടക്കിയവർ മൂന്നുവർഷമായി കാത്തിരിക്കുകയാണ്. പൂർത്തിയാക്കാൻ ഇനിയും പണം വേണം. ഹഡ്കോയിൽ നിന്ന് 20 കോടി വായ്പ തേടിയതിൽ വേണ്ട ഭൂരേഖകളില്ലാത്തതിനാൽ 4.75 കോടിയേ ലഭിച്ചുള്ളൂ.
കേരള ബാങ്കിൽ നിന്ന് വായ്പ തേടിയിട്ടുണ്ട്. വായ്പ ലഭിച്ച് മാർക്കറ്റ് പൂർത്തിയാക്കുമെന്നാണ് നഗരസഭയുടെ ഉറപ്പ്.
ബഹുനില ഇൻഡോർ മാർക്കറ്റിൽ ഒന്നാം നിലയിൽ ആധുനിക സൂപ്പർമാർക്കറ്റ്, ബ്രാൻഡ് ഷോപ്പുകൾ, എ.ടി.എം കൗണ്ടർ, മൊബൈൽ കിയോസ്കുകൾ, ജെൻഡ്സ്-കിഡ്സ് ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവയും, രണ്ടാം നിലയിൽ രണ്ട് മൾട്ടി പ്ലസ് തിയറ്റർ, ലേഡീസ് ഷോപ്പുകൾ, ലേഡീസ് ഫാൻസി ഷോപ്പുകൾ, ലേഡീസ് ബ്യൂട്ടിപാർലർ, പ്ലേ ഏരിയ, ഫുഡ് കോർട്ട് എന്നീ സൗകര്യങ്ങളും രൂപരേഖയിലുണ്ട്. എട്ട് ലിഫ്റ്റും, നാലു എസ്കലേറ്റർ എന്നിവയുമുണ്ട്.\
ആധുനിക ഇൻഡോർ മാർക്കറ്റ് ഉടൻ പൂർത്തിയാക്കി നിക്ഷേപകർക്ക് മുറികൾ കൈമാറണമെന്ന് നിക്ഷേപകരുടെ കോ ഓഡിനേഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുറി വിളിച്ചെടുത്തവർ 50 ശതമാനം മുതൽ 85 ശതമാനം വരെ തുക ആദ്യമേ നൽകിയിട്ടുണ്ട്. 200ൽ പരം ലേല ഉടമകളാണ് മുറികൾക്കായി കാത്തിരിക്കുന്നത്. മുറികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ ഒരു മാസത്തിനകം വ്യക്തമായ ഉറപ്പ് നൽകണമെന്നും അല്ലാത്തപക്ഷം മുൻകൂർ അടവാക്കിയ തുക പലിശ സഹിതം തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.