പെരിന്തൽമണ്ണ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ ബദൽമാർഗങ്ങളൊന്നുമില്ലാതെ റെയിൽവേ ഗേറ്റ് അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ദുരിതത്തിൽ ജനങ്ങൾ. മൂന്നുദിവസമാണ് ഒരു സംസ്ഥാനപാത അടച്ചിടുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാത. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് മൂന്ന് ദിവസത്തെ അറ്റകുറ്റപ്പണിക്ക് ചെറുകരയിൽ റെയിൽവേ ഗേറ്റ് അടച്ചിട്ടത്.
ഇതോടെ തിരക്കേറിയ പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിൽ കടന്നുപോകേണ്ട വാഹനങ്ങൾ പുലാമന്തോൾ-ഓണപ്പുട വഴിയും ചീരട്ടാമല-പരിയാപുരം-അങ്ങാടിപ്പുറം വഴിയും തിരിച്ചുവിട്ടു. ഇതുമൂലം ദേശീയപാതയിൽ അങ്ങാടിപ്പുറത്തും രൂക്ഷ ഗതാഗതക്കുരുക്കാണ് ബുധനാഴ്ച അനുഭവപ്പെട്ടത്. രാവിലെ വിദ്യാർഥികളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിൽ വലഞ്ഞു.
ഏറെ ചുറ്റിയാണ് പട്ടാമ്പി ഭാഗത്തുനിന്നുള്ളവർ പെരിന്തൽമണ്ണയിൽ എത്തിയത്. പെരിന്തൽമണ്ണയിൽനിന്ന് പട്ടാമ്പിയിലേക്ക് പോകേണ്ട യാത്രക്കാരും ഇപ്രകാരം വലഞ്ഞു. പട്ടാമ്പിയിൽനിന്നും പെരിന്തൽമണ്ണയിൽനിന്നും വരുന്ന സ്വകാര്യ ബസുകൾ ചെറുകരയിൽ യാത്രക്കാരെ ഇറക്കി തിരിച്ചുപോകുന്ന രീതി തുടർന്നു. റെയിൽവേ ഗേറ്റിന് അപ്പുറം ബസിറങ്ങി നടന്നുനീങ്ങി അപ്പുറത്ത് നിർത്തിയിട്ട ബസിൽ കയറിപ്പറ്റാൻ സ്ത്രീകളും കുട്ടികളും വലഞ്ഞു. േഗറ്റ് അടച്ചിട്ടതറിയാതെ എത്തിയ സ്വകാര്യ വാഹനങ്ങളും യാത്രക്കാരും ദുരിതത്തിലായി. ദിവസങ്ങൾ മുമ്പ് ഗേറ്റ് അടച്ചിടുന്നത് സംബന്ധിച്ച് റെയിൽവേ അറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.