പെരിന്തൽമണ്ണ: ചെറുകരയിൽ ട്രെയിൻ കടന്നുപോകാൻ അടച്ച റെയിൽവേ ഗേറ്റ് തുറക്കാൻ കഴിയാതായതോടെ നിലമ്പൂർ- പെരുമ്പിലാവ് പാതയിൽ ഒരുമണിക്കൂർ ഗതാഗതം സ്തംഭിച്ചു. വൈകീട്ട് 3.40നുള്ള നിലമ്പൂർ- കോട്ടയം എക്സ്പ്രസിന് കടന്നുപോകാനായാണ് ഗേറ്റടച്ചത്.
സ്ഥിരം ഗേറ്റ് അടക്കാനാവാതെ വന്നപ്പോൾ എമർജൻസി ഗേറ്റ് ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞത്. എന്നാൽ, ട്രെയിൻ കടന്നുപോയ ശേഷം ഇത് തുറക്കാനാകാതെ വന്നതോടെ ഗതാഗതം സ്തംഭിച്ചു. പട്ടാമ്പി ഭാഗത്തുനിന്നുള്ള ബസുകൾ ഗേറ്റിന് സമീപമെത്തി ആളെയിറക്കി തിരിച്ചുപോയി. പെരിന്തൽമണ്ണയിൽനിന്നുള്ള ബസുകൾ ഗേറ്റിന് സമീപം ആളെയിറക്കി പട്ടാമ്പി ഭാഗത്തുനിന്നുള്ള യാത്രക്കാരുമായി പെരിന്തൽമണ്ണയിലേക്ക് തിരിച്ചും സർവിസ് നടത്തി.
മറ്റ് വാഹനങ്ങൾ ഒരുമണിക്കൂർ കുടുങ്ങി. മലപ്പുറം- പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയാണിത്. ഇടറോഡുകൾ വഴി ചെറുവാഹനങ്ങൾ തിരിച്ചുവിട്ട് കുരുക്കൊഴിവാക്കാൻ ശ്രമം നടത്തി. വൈകീട്ടായതിനാൽ ചെറുകര യു.പി, ചെറുകര എൽ.പി, എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയ സ്കൂളുകളിലെ വിദ്യാർഥികളും കുരുക്കിലകപ്പെട്ടു. അങ്ങാടിപ്പുറത്തുനിന്ന് റെയിൽവേ ടെക്നീഷ്യൻമാരെത്തിയാണ് ഗേറ്റ് തുറക്കാനായത്. 4.45ഓടെ ഗതാഗതം സാധാരണ നിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.