പെരിന്തൽമണ്ണ: അനധികൃതമായി നാടന്‍ തോക്കുകളും തിരകളും കൈവശം വെച്ച് നായാട്ട് നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്നുപേർ അറസ്റ്റിൽ. അനധികൃതമായി സൂക്ഷിച്ച മൂന്ന് നാടന്‍ തോക്കും തിരകളും പെല്ലറ്റുകളുമായി ചെറുകര സ്വദേശികളായ കരിമ്പനക്കല്‍ പറമ്പില്‍ അരുണ്‍ (30), പട്ടുക്കുത്ത് സുരേഷ് കുമാര്‍ (41), കാവുംപുറത്ത് റോസ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയില്‍ അനധികൃതമായി നാടന്‍തോക്കുകള്‍ കൈവശം വെക്കുകയും ഇവ ഉപയോഗിച്ച് നായാട്ട് നടത്തുന്നതിനിടെ അപകടമുണ്ടായി ആളുകൾ മരിക്കുകയും ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തരം സംഘങ്ങളെക്കുറിച്ച വിവരം പൊലീസ് ശേഖരിച്ചുവരുകയായിരുന്നു.
നായാട്ടിന് ഉപയോഗിക്കാൻ പണം കൊടുത്ത് വാങ്ങിയ തോക്കുകളാണ് പിടിച്ചെടുത്തത്. മൂന്ന് തോക്കും വീടുകളില്‍ പാര്‍ട്സാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. മൂന്ന് കേസ് രജിസ്റ്റര്‍ ചെയ്തതായും സംഘത്തിലെ മറ്റുള്ളവർ നിരീക്ഷണത്തിലാണെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍ അറിയിച്ചു.
സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ സി.കെ. നൗഷാദ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രബേഷന്‍ എസ്.ഐമാരായ എസ്. ഷൈലേഷ്, സജേഷ് ജോസ്, എ.എസ്.ഐ വിശ്വംഭരന്‍ എന്നിവർക്കുപുറമെ പെരിന്തല്‍മണ്ണ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.