മലപ്പുറം: കാലാവസ്ഥ അനുകൂലമായാൽ നഗരസഭയുടെ കാരാത്തോട് ട്രഞ്ചിങ് ഗ്രൗണ്ടിലെ മണ്ണിലടിഞ്ഞ മാലിന്യം കുഴിയെടുത്ത് നീക്കും. കാലങ്ങളായി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നീക്കും. ഇതിനുള്ള ഒരുക്കം ഏകദേശം കേന്ദ്രത്തിൽ പൂർത്തിയായി.
മഴ പൂർണമായി മാറിയാൽ മാലിന്യം വേർതിരിച്ചെടുത്ത് വൃത്തിയാക്കി കയറ്റിയയക്കും. നേരത്തെ ഇതിനായി സ്ഥലത്ത് പ്രാഥമിക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. തുടർന്ന് താൽക്കാലികമായി പ്രവൃത്തികൾ വേഗത കുറച്ചിരുന്നു. കാലാവസ്ഥ അനുകൂലമാകുന്നതോടെ പ്രവൃത്തികൾ വേഗത്തിലാക്കാനാണ് നീക്കം. ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായാണ് മാലിന്യം ബയോ റെമീഡിയേഷനും ബയോ മൈനിങ്ങും നടത്തി നീക്കംചെയ്യുന്നത്. ട്രഞ്ചിങ് ഗ്രൗണ്ടിലെ 50 സെന്റ് സ്ഥലത്ത് 7,936 മെട്രിക് ടൺ മാലിന്യമാണ് കൂട്ടിയിട്ടിരുന്നത്. ഇവ നീക്കാൻ നാലരക്കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
വർഷങ്ങളോളമായി ട്രഞ്ചിങ് ഗ്രൗണ്ടിൽ കുമിഞ്ഞുകൂടിയ മാലിന്യം നാലടിയോളം താഴ്ചയിൽ കുഴിച്ചെടുത്തു വേർതിരിക്കുകയാണ് ചെയ്യുന്നത്. പുണൈ ആസ്ഥാനമായുള്ള എസ്.എം.എസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് കരാർ. ഭൂമിക്കടിയിൽ നിക്ഷേപിച്ച മാലിന്യങ്ങളെ പ്ലാസ്റ്റിക്, കല്ല്, കമ്പി, മറ്റുള്ളവ എന്നിങ്ങനെ തരംതിരിച്ച് മണ്ണ് മാത്രം ഇവിടെ നിക്ഷേപിച്ച് ബാക്കിയുള്ളവ കൊണ്ടുപോകും. പ്രവൃത്തി തുടങ്ങുന്നതിന് മുന്നോടിയായി ഇതുസംബന്ധിച്ചുള്ള വിശദീകരണങ്ങളും പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള ബോർഡുകൾ ട്രഞ്ചിങ് ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുണ്ട്. ദിവസവും രണ്ടു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തി നടത്തി ഇവ വേഗത്തിൽ നീക്കം ചെയ്യാനാണ് ഉദ്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.