മലപ്പുറം: കേരളത്തിന്റെ കായികചരിത്രം പറയുമ്പോൾ പന്തുതട്ടാൻ മാത്രം അറിയുന്ന ഒരു നാടായിരുന്നു മലപ്പുറം ജില്ല പലർക്കും. പതിറ്റാണ്ടുകൾ പിന്നിട്ട സ്കൂൾ കായികമേളയിൽ എറണാകുളത്തിന്റെയും പാലക്കാടിന്റെയുമെല്ലാം കുതിപ്പിനിടയിൽ മഷിയിട്ട് നോക്കിയാൽപോലും കാണാത്ത ദൂരത്തായിരുന്നു ഈ നാട്. എന്നാൽ ആ ചരിത്രം വഴിമാറി. കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ അത്ലറ്റിക്സിൽ കരുത്തരായ പാലക്കാടിനെ മറികടന്ന് മലപ്പുറം ആദ്യമായി കിരീടം ചൂടി ചരിത്രം മാറ്റികുറിച്ചു.
22 സ്വർണവും 30 വെള്ളിയുമടക്കം 235 പോയന്റ് നേടി രണ്ടാം സ്ഥാനക്കാരെ ബഹുദൂരം പിന്നിലാക്കിയാണ് മലപ്പുറം പടയുടെ സൂപ്പർ ഫിനിഷ്. മൂന്ന് സ്കൂളുകളാണ് മലപ്പുറത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
80 പോയന്റ് നേടിയ ഐഡിയൽ കടകശ്ശേരി, 44 പോയന്റുമായി തിരുനാവായ നാവാമുകുന്ദ എസ്.എസ്.എസ്, 27 പോയന്റ് നേടിയ കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ എന്നീ വിദ്യാലയങ്ങളാണ് മലപ്പുറത്തിന്റെ സുവർണ കിരീടത്തിന് വഴിതെളിയിച്ചത്. ഏറെക്കാലത്തെ കഠിനാധ്വാനത്തിനിലൂടെയാണ് മലപ്പുറം ഈ വലിയ ലക്ഷ്യംകൈവരിച്ചത്.
സ്കൂളുകളുടെ അകമഴിഞ്ഞ പിന്തുണയും ആത്മാർഥതയോടെ രാവും പകലും കുട്ടികളെ പരിശീലിപ്പിച്ച കോച്ചുമാർക്കും കട്ടക്ക് നിന്ന വിദ്യാർഥികൾക്കും ജില്ലയുടെ ചരിത്ര വിജയത്തിൽ അഭിമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.