മലപ്പുറം: പ്ലസ് വണിന് ആദ്യ അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നപ്പോൾ ജില്ലയിൽ 46,053 പേർ പുറത്ത്. 82,446 അപേക്ഷകരിൽ 36,393 പേർക്കാണ് ആദ്യഘട്ടം പ്രവേശനത്തിന് അവസരം ലഭിച്ചത്.
ജനറൽ വിഭാഗം, സംവരണ വിഭാഗത്തിലെ ഈഴവ-തീയ്യ-ബില്ലവ, മുസ്ലിം, വിശ്വകർമ എന്നിവയിലെ മുഴുവൻ സീറ്റുകളും ആദ്യ അലോട്ട്മെന്റിൽ തന്നെ നിറഞ്ഞു. ഇനി ആഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ 998, ക്രിസ്റ്റ്യൻ ഒ.ബി.സി 335, ഹിന്ദു ഒ.ബി.സി 483, പട്ടികജാതി 2,731, പട്ടിക വർഗം 4,508, ഭിന്നശേഷി 381, കാഴ്ച പരിമിതർ 215, ധീവര 663, കുശവൻ 253, കുടുംബി 366, സാമ്പത്തിക പിന്നോക്ക വിഭാഗം 2,881 എന്നിവയിലായി ആകെ 13,814 സീറ്റാണ് ഒഴിഞ്ഞ് കിടക്കുന്നത്.
ഭിന്നശേഷി വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ആകെ 50,207 സീറ്റിലേക്കാണ് അലോട്ട്മെന്റ് നടക്കുന്നത്. ജില്ലയിലെ 82,446 അപേക്ഷകരിൽ 7,606 പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. 50,207 സീറ്റിലേക്കും അലോട്ട്മെന്റ് പൂർത്തിയാക്കിയാലും 32,239 പേർക്ക് പഠിക്കാൻ അവസരം ലഭിച്ചേക്കില്ല.
ഇനി മറ്റ് ജില്ലകളിലെ അപേക്ഷകരുടെ എണ്ണം കുറച്ചാലും 24,633 പേർക്ക് പണം കൊടുത്ത് അൺ എയ്ഡഡ് മേഖലയിലോ സമാന്തര വിദ്യാഭ്യാസ സംവിധാനത്തെയോ ആശ്രയിക്കേണ്ടി വരും. ജില്ലയിൽ ഉപരി പഠനത്തിന് അധിക ബാച്ചുകൾ വേണമെന്ന് രാഷ്ട്രീയ-സാമൂഹിക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.