മലപ്പുറം: ബൈത്തുറഹ്മ പോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് വിനയായെന്നും പാർട്ടി അണികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം കുറയാൻ ഇത് കാരണമായെന്നും സമ്മതിച്ച് മുസ്ലിം ലീഗ് നേതൃത്വം. രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിൽ പിറകോട്ട് പോയതും പുതിയ കാലത്ത് പാർട്ടിയെ ചലിപ്പിക്കാനാവശ്യമായ നയനിലപാടുകൾ ആവിഷ്കരിക്കാൻ സാധിക്കാത്തതും തിരിച്ചടിക്ക് വേഗം കൂട്ടിയെന്നും പാർട്ടി തിരിച്ചറിയുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേരാനിരിക്കുന്ന പ്രവർത്തക സമിതി യോഗത്തിൽ ഇത് ഗൗരവമായി ചർച്ച ചെയ്യുമെന്നും അതനുസരിച്ച തിരുത്തലുകളുണ്ടാവുമെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത് ഈ സാഹചര്യത്തിലാണ്. എസ്.കെ.എസ്.എസ്.എഫ് പുറത്തിറക്കുന്ന സത്യധാര ദ്വൈവാരികക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭാവത്തിൽ പാർട്ടിക്ക് നേതൃത്വം നൽകുകയും അദ്ദേഹത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നത് സഹോദരൻ കൂടിയായ സാദിഖലി തങ്ങളാണ്. കീഴ്വഴക്കമനുസരിച്ച് ഹൈദരലി തങ്ങൾക്ക് ശേഷം അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നതും ഇദ്ദേഹമായിരിക്കും. പാർട്ടി തീരുമാനങ്ങളിലും മറ്റും സാദിഖലിയുടെ ഇടപെടൽ സജീവമാണ്. അതുകൊണ്ടുതന്നെ ഈ അഭിപ്രായം പ്രസക്തവുമാണ്.
കൊളത്തൂർ മുഹമ്മദ് മൗലവി, എം.ഐ. തങ്ങൾ, കെ.സി. അബൂബക്കർ മൗലവി, റഹീം മേച്ചേരി, ഗഫൂർ മൗലവി പുളിക്കൽ തുടങ്ങിയ നേതാക്കളായിരുന്നു രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയിരുന്ന പ്രമുഖർ. ഇവർ വിടവാങ്ങിയശേഷം ദൗത്യം ഏറ്റെടുക്കാൻ ഫലപ്രദമായ ബദൽ ടീം ഉണ്ടായില്ല. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുശേഷം ഓരോ ജില്ല കമ്മിറ്റിക്ക് കീഴിലും പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാനും അതിന് പ്രാപ്തരായ സംഘത്തെ സജ്ജമാക്കാനും പാർട്ടി തിരുമാനിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും വീഴ്ച പറ്റിയിട്ടുണ്ട്. സി.പി.എം നടത്തിയ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ഇതുമൂലം സാധിക്കാതെ പോയി. സമസ്തയടക്കമുള്ള മത, സാമുദായിക സംഘടനകളുമായി ഇടക്ക് വിള്ളലുണ്ടായിട്ടുണ്ടെന്നും നേതൃത്വത്തിന് ബോധ്യമുണ്ട്. ഇത് പരിഹരിക്കാനും നടപടികളുണ്ടാവും. വരാനിരിക്കുന്ന യോഗങ്ങളിൽ കാര്യമായ ചർച്ചകൾ ഈ വിഷയങ്ങളിൽ നടക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.