പൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ മത്സ്യ മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷ വിഭാഗവും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ ഫോർമാലിൻ ചേർത്ത മത്സ്യങ്ങൾ പിടികൂടി.
ജങ്ഷനിലെ നാല് സ്റ്റാളുകളിൽ നിന്നായി 10 കിലോയോളം മത്സ്യമാണ് പിടികൂടിയത്.
ഫോർമാലിൻ ചേർത്ത മത്തി, നത്തോലി, അയല ചെമ്പാൻ എന്നീ മത്സ്യങ്ങളാണ് പിടികൂടിയത്. ഒമ്പത് സ്റ്റാളുകളിൽനിന്നായി ശേഖരിച്ച സാമ്പ്ളുകൾ മൊബൈൽ പരിശോധന കേന്ദ്രത്തിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഫോർമാലിൻ ചേർത്തവ കണ്ടെത്തിയത്.
പുറമെനിന്നുള്ള മത്സ്യങ്ങൾ പൊന്നാനിയിൽ വിൽക്കാൻ പാടില്ലെന്ന നിർദേശം നിലനിൽക്കുന്നതിനിടെയാണ് വ്യാപകമായി പുറമെനിന്ന് ഫോർമാലിൻ ചേർത്ത മത്സ്യം എത്തുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യവിൽപനക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് നാടൻ മത്സ്യങ്ങൾ കൂടുതൽ ദിവസം കേടുവരാതെ സൂക്ഷിച്ച് വിൽപന നടത്തുന്നത്. നേരത്തേ മൊത്ത, ചില്ലറ വിൽപന കേന്ദ്രങ്ങളിൽ നിന്ന് പഴകിയ മത്സ്യങ്ങൾ ആരോഗ്യ വകുപ്പ് പിടികൂടിയിരുന്നു.
പിടികൂടിയ മത്സ്യം ഹാർബറിൽതന്നെ നശിപ്പിച്ചു. പരിശോധനക്ക് ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫിസർമാരായ യു.ആർ. ദീപ്തി, യമുന കുര്യൻ, പൊന്നാനി ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ, ഭക്ഷ്യ സുരക്ഷ വിഭാഗം ടെക്നിക്കൽ ഇൻസ്പെക്ടർമാരായ റംഷാദ്, അഫ്സൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.