പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിന്റെ സൗകര്യങ്ങൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ലോ ലെവൽ ജെട്ടി നിർമാണത്തിന് പുറമെയുള്ള ജോലികളെല്ലാം ഹാർബറിൽ ആരംഭിച്ചു. 24 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ടെൻഡർ ലഭിച്ച പദ്ധതികളാണ് നടക്കുന്നത്. തീരദേശ മേഖലയുടെ വികസനത്തിന് അനുവദിച്ച കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്. ആറ് കോടി രൂപ ചെലവിൽ ഹാർബറിൽ ആഴം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് യാഥാർഥ്യമാകുന്നത്. മൂന്നര മീറ്റർ ആഴം കൂട്ടാനാണ് പദ്ധതി. ഹാർബറിലെ വാർഫുകൾ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമാണവും ആരംഭിച്ചു. 41 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിക്കുന്നത്. കൂടാതെ 61 ലക്ഷം രൂപ ചെലവിൽ ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കായി വിശ്രമകേന്ദ്രം നിർമിക്കുന്നുണ്ട്. വലകളുടെ അറ്റകുറ്റപ്പണിക്ക് മാത്രമായുള്ള കേന്ദ്രവും നിർമിക്കുന്നു.1.25 കോടി രൂപയാണ് ഈ പദ്ധതിക്കായി വിനിയോഗിക്കുക.
കൂടാതെ നിലവിലെ വാർഫിനോട് ചേർന്നുള്ള ലേല ഹാളിന്റെ നവീകരണവും ലേല ഹാളിന്റെ തൂണുകൾ ദ്രവിച്ചതിനാൽ ഇവിടെ സ്റ്റീൽ കവറിങ് ചെയ്യുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. യാനങ്ങളിൽ നിന്ന് മത്സ്യം ലേല ഹാളിലേക്ക് ഇറക്കാൻ കൺവെയർ ബെൽറ്റും സ്ഥാപിക്കുന്നുണ്ട്. ലേല ഹാളിന്റെ മുൻഭാഗത്ത് ലോഡിങ് കേന്ദ്രത്തിനുള്ള മേൽക്കൂര, കാന്റീൻ ബിൽഡിങ്, സ്റ്റോക്ക് റൂം, ബൈക്ക് പാർക്കിങ് കേന്ദ്രം തുടങ്ങിയവയുടെ നിർമാണവും തുടങ്ങിയിട്ടുണ്ട്. വള്ളങ്ങൾക്ക് ഹാർബറിൽ നങ്കൂരമിടുന്നതിനുള്ള പുതിയ വാർഫിന്റെ നിർമാണം ഉടൻ ആരംഭിക്കും. വള്ളങ്ങൾക്ക് നങ്കൂരമിടാൻ കഴിയാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഫിഷിങ് ഹാർബറിൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതി തയാറായിട്ടുണ്ട്. ഹാർബറിന്റെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.