മലപ്പുറം: ഗുണനിലവാരമില്ലാത്ത സിമന്റ് നൽകിയതിനെ തുടർന്ന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ജില്ല ഉപഭോക്തൃ കമീഷൻ. വീട് നിർമാണത്തിന് വാങ്ങിയ സിമന്റ് ഗുണനിലവാരമില്ലാത്തതിനാൽ സൺ ഷെയ്ഡിൽ വിള്ളൽ വീണുവെന്നും സിമന്റ് സെറ്റായില്ലെന്നും ആരോപിച്ച് കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശിയാണ് പരാതി നൽകിയത്. ബാങ്കിൽനിന്ന് വായ്പയെടുത്ത് വീട് നിർമാണത്തിന്റെ ഭാഗമായി 30 ചാക്ക് സിമന്റാണ് പരാതിക്കാരൻ 2018 സെപ്റ്റംബർ 23ന് വാങ്ങിയത്. സൺ ഷെയ്ഡിന്റെ പ്രവൃത്തി നടത്തിയപ്പോൾ സിമന്റ് സെറ്റാവുന്നില്ലെന്നും വിള്ളൽ വീഴുന്നുവെന്നും കണ്ടു.
കടയിൽ വിവരം നൽകിയതിനെ തുടർന്ന് സിമന്റിന് അപാകതയുണ്ടെങ്കിൽ കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് റിപ്പോർട്ട് കൊണ്ടുവരാനും അതിന്റെ അടിസ്ഥാനത്തിൽ കമ്പനിയിൽനിന്ന് പരിഹാരമുണ്ടാക്കാമെന്നും കടയുടമ അറിയിച്ചു. എൻ.ഐ.ടിയിൽ പരിശോധിച്ച് സിമന്റിന് അപാകതയുണ്ടെന്ന റിപ്പോർട്ട് നൽകിയെങ്കിലും പരാതിക്ക് പരിഹാരമുണ്ടായില്ല. തുടർന്നാണ് ജില്ല ഉപഭോക്തൃ കമീഷനിൽ പരാതി സമർപ്പിച്ചത്. കമീഷന്റെ നടപടിയുടെ ഭാഗമായി കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് എൻജിനീയർ സ്ഥലവും സിമന്റിന്റെ ഗുണനിലവാരവും പരിശോധിച്ച് റിപ്പോർട്ട് നൽകി. 2018 സെപ്റ്റംബറിൽ വാങ്ങിയ സിമന്റ് 2022 ആഗസ്റ്റിൽ കമീഷന്റെ പരിശോധന വേളയിലും സെറ്റായിട്ടില്ലെന്നായിരുന്നു റിപ്പോർട്ട്.
എൻജിനീയർ കമീഷൻ മുമ്പാകെ ഹാജരായി മൊഴി നൽകുകയും ചെയ്തു. തെളിവുകൾ പരിഗണിച്ച കമീഷൻ നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും പരാതിക്കാരന് നൽകാൻ ഉത്തരവിട്ടു. ജെ.എസ്.ഡബ്ല്യൂ സിമന്റ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകാത്തപക്ഷം പരാതി തീയതി മുതൽ 12 ശതമാനം പലിശയും നൽകണം. പ്രസിഡന്റ് കെ. മോഹൻദാസ്, പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ ചേർന്നാണ് വിധിച്ചത്. പരാതിക്കാരനു വേണ്ടി അഡ്വ പി.വി. മനാഫ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.