പോത്തുകല്ല്: ഉരുൾ ദുരന്തത്തിന്റെ നോവ് അഞ്ചുവർഷമായി അനുഭവിക്കുന്ന സുമോദ്, സമാനമായ മറ്റൊരു ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലാണ് ഇപ്പോൾ. വയനാട് ദുരന്തത്തിൽ ചാലിയാറിൽ എത്തിയ മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ദൗത്യത്തിലാണ് കവളപ്പാറ ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട നാവൂരി പറമ്പത്ത് സുമോദ്. ദുരന്തവാർത്ത അറിഞ്ഞതു മുതൽ ചാലിയാറിന്റെ തീരത്ത് തിരച്ചിലിലാണ് സുമോദും സംഘവും.
പോത്തുകല്ല് പനങ്കയം കടവിൽനിന്ന് സുമോദിന്റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. മുണ്ടേരി ഫാം മുതൽ വനത്തിലൂടെ പരപ്പൻപാറ വരെയുള്ള തിരച്ചിലിലും ഈ സംഘമുണ്ട്. ചാലിയാറിന്റെ തീരത്തടിഞ്ഞുകൂടിയ കുടുംബ ഫോട്ടോകൾ അടക്കമുള്ളവ സുമോദിന്റെ കണ്ണുകൾ ഈറനണിയിക്കുകയാണ്. കവളപ്പാറ ദുരന്തത്തിലെ നഷ്ടങ്ങളുടെ ഓർമകൾ അരിച്ചെത്തുകയാണ്.
2019 ആഗസ്റ്റ് എട്ടിനാണ് കവളപ്പാറ ദുരന്തത്തിൽ സുമോദിന്റെ അച്ഛൻ സുകുമാരൻ, അമ്മ രാധാമണി എന്നിവരെ കാണാതായത്. ഒരാഴ്ചക്കുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഒരു സ്ഥലത്തുനിന്ന് ഒരുമിച്ച് കണ്ടെടുത്തു. അച്ഛന്റെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ടെടുക്കുന്നതുവരെ അനുഭവിച്ച വേദന നന്നായറിയാം സുമോദിനും കുടുംബത്തിനും.
അച്ഛനും അമ്മയും ഭാര്യയും മക്കളും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും മകനും അടങ്ങുന്നതായിരുന്നു സുമോദിന്റെ കുടുംബം. ദുരന്തദിനത്തിന്റെ തലേ ദിവസമാണ് പെരുംമഴയിൽ അച്ഛനോടും അമ്മയോടും യാത്രപറഞ്ഞ് സുമോദ് ബംഗളൂരുവിലേക്ക് ജോലിക്ക് പുറപ്പെട്ടത്. വീടിന് സമീപത്തുകൂടി ഒഴുകുന്ന തോടിന്റെ സ്വഭാവമാറ്റം കണ്ടാണ് മരുമക്കളെയും പേരക്കുട്ടികളെയും അവരുടെ വീടുകളിലേക്ക് സഹോദരൻ സുമേഷിനോടൊപ്പം അച്ഛനും അമ്മയും പറഞ്ഞയച്ചത്.
അന്ന് രാത്രി 7.45നാണ് കവളപ്പാറ മലയിടിഞ്ഞ് സുമോദിന്റെ അച്ഛനും അമ്മയും അടക്കം 59 പേർ മരിച്ചത്. സംസ്ഥാന സർക്കാർ അനുവദിച്ച ഞെട്ടിക്കുളത്തെ ഭൂമിയിൽ വീടുവെച്ചാണ് ഇപ്പോൾ താമസം. പൊതുപ്രവർത്തനരംഗത്ത് സജീവമായ സുമോദ് ഞെട്ടിക്കുളം എ.യു.പി സ്കൂളിന്റെ പി.ടി.എ പ്രസിഡന്റാണ്. സുമോദിനോടൊപ്പം ദുരന്തത്തിൽ വീട് മാറിതാമസിക്കേണ്ടിവന്ന പ്രമോദ്, പ്രതീഷ്, സുനിൽ, സിറാജ്, സുകുമാരൻ എന്നിവരും സജി, ജയസൂര്യ, കുഞ്ഞുട്ടി തുടങ്ങിയവരും അടങ്ങിയ സംഘമാണ് ചാലിയാറിൽ തിരച്ചിൽ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.