മലപ്പുറം: ജില്ലയുടെ സുപ്രധാന വികസന പദ്ധതികൾക്കെല്ലാം ഉദാരമനസ്കരായ ജനം കൈയയച്ച് സഹായിച്ച പാരമ്പര്യമാണ് മലപ്പുറത്തിനുള്ളത്. നാട്ടുകാരിറങ്ങി വിജയിപ്പിച്ചുകൊടുത്ത പദ്ധതികളുടെ നിരവധി ഉദാഹരണങ്ങളുണ്ടിവിടെ. ഏറ്റവും ഒടുവിൽ മലപ്പുറത്തെ സർക്കാർ ആശുപത്രികളിൽ സജ്ജീകരണമൊരുക്കാൻ ഉദാരമനസ്കരിൽനിന്ന് സംഭാവന ക്ഷണിച്ച് ജില്ല കലക്ടർ അക്കൗണ്ട് തുടങ്ങിയതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. ഇതിന് പിറകെ 'പ്രാണവായു'എന്ന പേരിൽ ഇത് നടപ്പാക്കാൻ ശ്രമിക്കുന്ന ജില്ല ഭരണകൂടത്തിെൻറ നിലപാടിെനതിരെ എം.എൽ.എമാരും രംഗത്തുവന്നു. അവരുടെ പ്രതികരണങ്ങൾ:
എല്ലാം ജനം ചെയ്യട്ടെ എന്ന നിലപാട് ശരിയല്ല –പി.കെ. കുഞ്ഞാലിക്കുട്ടി
ഒരുപാട് കാര്യങ്ങൾ ഒരു തലയും വാലുമില്ലാത്ത രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയൊന്നുമല്ല കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. സർക്കാർ തന്നെ അതിെൻറ ഉത്തരവാദിത്തം ഏൽക്കണം. സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ സ്വീകരിക്കുന്നത് മനസ്സിലാക്കാം. എന്നാൽ, സർക്കാർ മുൻകൈയെടുത്ത് െചയ്യേണ്ട ഓരോ പദ്ധതികൾക്കും ജനങ്ങൾ ചെയ്യട്ടെ എന്ന് പറയുന്ന നിലപാട് ശരിയല്ല.
നല്ല മനസ്സിനെ ചൂഷണം ചെയ്യുന്നു–കെ.പി.എ. മജീദ്
മലപ്പുറത്തു മാത്രം ആശുപത്രി വികസനം ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്നത് തീർത്തും പ്രതിഷേധാർഹമാണ്. ജനങ്ങളുടെ നല്ല മനസ്സിനെ ചൂഷണം ചെയ്യുന്ന നടപടിയാണ് സർക്കാറിേൻറത്. കേരളത്തിലെ എം.എൽ.എമാരുടെ ഫണ്ട് അഞ്ച് കോടിയിൽനിന്ന് ഒരു കോടിയാക്കി ചുരുക്കിയതെല്ലാം കോവിഡിനെ നേരിടാനും ആശുപത്രി നവീകരണത്തിനുമാണ്. വീണ്ടും ജനങ്ങളെ സമീപിക്കുന്നത് ചൂഷണമാണ്. പണപ്പിരിവ് നിർത്തി സർക്കാർ ചെലവിൽ മറ്റു ജില്ലകളിലുള്ളതുപോലെ മലപ്പുറത്തെ ആശുപത്രികളും നവീകരിക്കണം.
പിരിവ് നടത്താൻ സർക്കാർ നിർദേശം നൽകിയിട്ടില്ല –കെ.ടി. ജലീൽ
ജില്ല കലക്ടറോട് പൊതുജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിച്ച് വികസനം നടത്താൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയതായി ശ്രദ്ധയിൽപെട്ടിട്ടില്ല. ഇടതുപക്ഷ സർക്കാർ ജില്ലയിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ ജില്ല ഭരണകൂടം വഴി പൊതുജനങ്ങളിൽനിന്ന് പണം ശേഖരിക്കുന്നെന്ന് പ്രചരിപ്പിക്കുന്നത് അസംബന്ധമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കാൻ ജില്ല കലക്ടർ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിെൻറ വീട്ടുമുറ്റത്തും പോകേണ്ട കാര്യമില്ല. അങ്ങനെ പോയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിെൻറ സ്വന്തം ഇഷ്ടപ്രകാരമാകാനേ തരമുള്ളൂ.
നാട്ടുകാരോട് കൈ നീട്ടുന്നത് അവസാനിപ്പിക്കണം –മഞ്ഞളാംകുഴി അലി
മലപ്പുറത്തെ ജനങ്ങൾ സന്മനസ്സുള്ളവരാണ്. അപരെൻറ പ്രയാസങ്ങളിൽ കരുണ ചുരത്തുന്നവരാണ്. ഈ മൃദുല മനസ്സ് മുതലെടുക്കുന്ന സമീപനമാണ് വികസന പ്രവർത്തനങ്ങളുടെ പേരിൽ സർക്കാർ ചെയ്യുന്നത്. ജില്ലയിലെ സ്കൂളുകളിൽ കമ്പ്യൂട്ടർ വാങ്ങുന്നതിന് പോലും പിരിവാണ്. ജില്ലയിലെ വികസന പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഇതാണ് പൊതുസ്വഭാവം. അതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് കലക്ടറുടെ നേതൃത്വത്തിൽ 'പ്രാണവായു പദ്ധതി'എന്ന പേരിൽ നടക്കുന്ന പിരിവ്. സർക്കാർ ഫണ്ടുപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പകരം നാട്ടുകാരോട് കൈ നീട്ടുകയാണ് ഭരണകൂടം ചെയ്യുന്നത്.
ജനകീയ പിന്തുണ ചൂഷണം ചെയ്യരുത് – എ.പി. അനിൽകുമാർ
പൊതു സംരംഭങ്ങൾക്കടക്കം വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ജനകീയ പിന്തുണയും സഹായവും മലപ്പുറം ജില്ലയുടെ മാത്രം പ്രത്യേകതയാണ്. ജനസേവന രംഗത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഉദാഹരണമാണ് ഒരു രൂപ പോലും സർക്കാർ സഹായമില്ലാതെ വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റിവ് ക്ലിനിക്കുകൾ. ജില്ലയുടെ നല്ല മനസ്സിനെ ചൂഷണം ചെയ്യുന്നത് ശരിയല്ല. വികസന പ്രവർത്തനങ്ങൾക്ക് ജില്ലക്ക് അർഹമായ പരിഗണന ആവശ്യമാണ്. ജനകീയ കമ്മിറ്റികൾ അടക്കം മുന്നിട്ടിറങ്ങിയാണ് പല പദ്ധതികളും പൂർത്തീകരിക്കുന്നത്.
ജനങ്ങളെ പിഴിയാൻ ശ്രമം–പി. ഉബൈദുല്ല
സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ പദ്ധതികളുമായും ആത്മാർഥമായി സഹകരിച്ചവരാണ് മലപ്പുറത്തുള്ളവർ. അവരുടെ സന്മനസ്സിനെ ചൂഷണം ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ഉപകരണങ്ങൾ എത്തിച്ചത് ഇതുപോലെ പണം ശേഖരിച്ചാണ്. ഇപ്പോൾ വീണ്ടും പ്രാണവായു എന്ന പേരിൽ ജനങ്ങളെ പിഴിയാനാണ് ജില്ല ഭരണകൂടം മുന്നോട്ടു വന്നിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെന്ന പേരിലാണ് എം.എൽ.എമാരുടെ വികസന ഫണ്ട് സർക്കാർ വെട്ടിക്കുറച്ചത്. ഈ ഫണ്ട് അതതു മണ്ഡലങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് വേണ്ടത്.
മലപ്പുറത്തുകാരുടേത് നികുതിയല്ലേ? –ടി.വി. ഇബ്രാഹീം
മലപ്പുറത്തുകാരും നികുതി കൊടുക്കുന്നുണ്ട്. അതുപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കേണ്ടത്. മറ്റു ജില്ലകളിലെല്ലാം ഈ രീതിയിലാണ് വികസനം നടക്കുന്നത്. മലപ്പുറത്ത് മാത്രം ജനങ്ങളുടെ പണമുപയോഗിച്ച് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. മലപ്പുറത്തുകാരെൻറ നികുതിക്ക് വിലയില്ലേ? മറ്റുള്ളവർക്ക് കിട്ടുന്ന അവകാശം ഇവിടെയുള്ളവർക്കും ബാധകമാണ്. ആരോഗ്യ രംഗത്ത് വളരെ പിന്നിലാണ് ജില്ല. പ്രത്യേക പാക്കേജ് നടപ്പാക്കി ഇത് പരിഹരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. പ്രകൃതി ദുരന്തങ്ങളും മറ്റുമുണ്ടാവുേമ്പാൾ ജനം സഹകരിക്കുന്നത് വേറെ കാര്യമാണ്.
മലപ്പുറത്ത് പിരിവ്; മറ്റിടങ്ങളിൽ സർക്കാർ ഫണ്ട് –ആബിദ് ഹുസൈൻ തങ്ങൾ
കേരളം മലബാറിനെയും പ്രത്യേകിച്ച് മലപ്പുറത്തേയും അവഗണിക്കുന്നു എന്നത് നിത്യ സംഭവമാവുകയാണ്. വിദ്യാഭ്യാസ മേഖലയിൽ വലിയ അവഗണനയാണ്. സെൽഫ് ഫിനാൻസ് കോളജുകളും അൺ എയ്ഡഡ് കോളജുകളും കൂടുതൽ മലപ്പുറത്ത്. കാശ് കൊടുത്ത് പഠിക്കണം കുട്ടികൾ. ആശുപത്രി ഉണ്ടാക്കണമെങ്കിൽ നമുക്കിവിടെ നാട്ടുകാർ പിരിവെടുക്കണം. മലപ്പുറത്ത് മാത്രം പിരിവെടുത്തും മറ്റുള്ളിടത്തൊക്കെ സർക്കാറും. മറ്റു ജില്ലകളിലൊക്കെ സർക്കാർ സഹായത്തോടെ ആശുപത്രികളെ ശാക്തീകരിക്കുന്നു. മലപ്പുറത്ത് നാട്ടുകാരുടെ കാശുകൊണ്ട്. ഒരു എം.എൽ.എയോടും പ്രാണവായു പദ്ധതി എന്താണെന്ന് പറഞ്ഞിട്ടില്ല. ആരാണ് ഇതിെൻറ പിന്നിലെന്നും അറിയില്ല.
കലക്ടറെ ചുമതലപ്പെടുത്തിയത് ആര്? –പി.കെ. ബഷീർ
സർക്കാർ ആശുപത്രികളുടെ വികസനത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും എം.എൽ.എമാരുടെ ഫണ്ടും നൽകിയിട്ടുണ്ട്. ഈ സർക്കാർ വന്നതിന് ശേഷം ഓേരാ എം.എൽ.എമാരുടെയും ഫണ്ടിൽ നിന്ന് നാലു കോടി രൂപ വേറെയും കൊടുത്തു. ഇതെല്ലാം കൂടി വലിയൊരു തുകയുണ്ട്. ഈ പണമൊക്കെ എവിടെ പോയി. സർക്കാർ ചെയ്യേണ്ട വികസന പ്രവർത്തനങ്ങൾക്ക് പിരിവ് നടത്താൻ കലക്ടറെ ആരാണ് ചുമതലപ്പെടുത്തിയത്? ജനപ്രതിനിധികളോട് ആരോടെങ്കിലും ഇത് ചർച്ച ചെയ്തിരുന്നോ? എല്ലാ ജില്ലകളിലും വികസന പ്രവർത്തനങ്ങൾ എങ്ങനെയാണ് നടപ്പാക്കുന്നത്? മലപ്പുറത്തിന് മാത്രമെന്തിനാണ് ഈ പിരിവ്.
ഉദാരമനസ്കത ദുരുപയോഗം ചെയ്യരുത് –നജീബ് കാന്തപുരം
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി അവസരോചിതമായില്ല. മറ്റു ജില്ലകളിലൊന്നും കാണാത്ത പദ്ധതി മലപ്പുറത്ത് മാത്രം നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ആരോഗ്യ രംഗത്തെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഇതുപയോഗപ്പെടുത്തുന്നതിനു പകരം ജില്ലയുടെ വികസനത്തിനായി ജനങ്ങള്‍ തന്നെ പണം കണ്ടെത്തണമെന്ന് പറയുന്നത് വിവേചനമാണ്. ഈ നാടിെൻറ ഉദാരമനസ്കത ദുരുപയോഗം ചെയ്യാന്‍ ഭരണകൂടം ശ്രമിക്കരുത്.
മലപ്പുറം പിരിവ് കേന്ദ്രമാവുന്നു –അഡ്വ. യു.എ. ലത്തീഫ്
ജനപ്രതിനിധികളുമായി ആലോചിക്കാെത കലക്ടർ സ്വന്തം നിലയിൽ നടത്തുന്ന പിരിവ് അംഗീകരിക്കാനാവില്ല. മലപ്പുറം സർക്കാർ പദ്ധതികൾ നടപ്പാക്കാനുള്ള പിരിവ് കേന്ദ്രമായി മാറ്റുകയാണ്. നികുതി പിരിച്ചെടുക്കുന്നത് ഇവിടെ പദ്ധതികൾ നടപ്പാക്കാൻ കൂടിയാവണമല്ലോ. എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നാലു കോടിയാണ് സർക്കാർ എടുത്തിരിക്കുന്നത്. പ്രാദേശിക വികസനം നടത്താൻ ഫണ്ടില്ലാത്ത അവസ്ഥയാണ് ഇതുമൂലം ഉണ്ടാവുക. ഈ സാഹചര്യത്തിൽ ജനങ്ങളോട് വീണ്ടും പണം ചോദിക്കുന്നത് ശരിയല്ല.
ഔദാര്യ ശീലത്തെ ചൂഷണം ചെയ്യുന്നു–കുറുക്കോളി മൊയ്തീൻ
ഭരണകൂടങ്ങൾ മലപ്പുറം ജില്ലയോട് സാമ്പത്തിക നീതി ഇന്നുവരെ പുലർത്തിയിട്ടില്ല. ജില്ലയിലെ മഹാമനസ്കരായ ജനങ്ങളുടെ ഔദാര്യ ശീലത്തെ സർക്കാർ ചൂഷണം ചെയ്യുകയാണ്. സംസ്ഥാനത്തിെൻറ സമ്പത്തും സൗകര്യവും അതിെൻറ ആളോഹരി വിഹിതം മറ്റു ജില്ലകൾക്കെന്നെ പോലെ മലപ്പുറം ജില്ലക്കും കിട്ടിയേ തീരൂ. വരുംകാലങ്ങളിൽ അതിനുള്ള ശബ്ദം മുഴങ്ങുകതന്നെ ചെയ്യും. ജില്ലയുടെ നീതിക്കായുള്ള പോരാട്ടത്തിൽ ജനങ്ങൾ കക്ഷി, രാഷ്ട്രീയ, മത വ്യത്യാസമില്ലാതെ അണിനിരക്കണമെന്നും ആവശ്യപ്പെടുന്നു.
അർഹമായ പ്രാതിനിധ്യം ഇതുവരെ കിട്ടിയില്ല –പി. അബ്ദുൽ ഹമീദ്
കോവിഡ് മഹാമാരിയുടെ കാലത്ത് ആശുപത്രികളിലും മറ്റും യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ സൗകര്യങ്ങളൊരുക്കുന്നു എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ജില്ലക്ക് ഇതുവരെ കിട്ടിയിട്ടില്ല. എം.എൽ.എ ഫണ്ട് വെട്ടിക്കുറച്ചതോടെ ജില്ലയിൽ നിന്നു മാത്രം സർക്കാറിന് ലഭിച്ചത് 64 കോടി രൂപയാണ്. ആരോഗ്യ മേഖലയിൽ അടിസ്ഥാന വികസനം നടപ്പാക്കാനാണിത് ചെയ്തത്. ഇതിന് പുറമെയാണിപ്പോൾ പിരിവ് ചോദിക്കുന്നത്. മലപ്പുറത്തിെൻറ നല്ല മനസ്സ് ചൂഷണം ചെയ്യുകയാണിതിലൂടെ ചെയ്യുന്നത്.
സർക്കാറിനൊപ്പം പൊതുജനവും കൈകോർക്കണം –പി. നന്ദകുമാർ
പ്രാണവായു പദ്ധതിയുമായി ബന്ധപ്പെട്ട് ചില കോണുകളിൽ നിന്ന് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. വികസന പ്രവർത്തനങ്ങളിൽ ജില്ലയെ അവഗണിക്കുകയാണെന്ന പ്രചാരണം ചിലർ ബോധപൂർവം നടത്തുന്നതാണ്. സംസ്ഥാനത്തെ മറ്റു ജില്ലകൾക്ക് നൽകുന്ന തുല്യ പ്രാധാന്യം തന്നെയാണ് സർക്കാർ മലപ്പുറത്തിനും നൽകുന്നത്. ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലുള്ളവരുടെ ലക്ഷ്യം വേറെയാണ്. വികസന പ്രവർത്തനങ്ങൾക്കായി സർക്കാറിനോടൊപ്പം പൊതുജനങ്ങളും കൈകോർക്കുകയാണ് ഈ പദ്ധതിയിലൂടെയും ചെയ്യുന്നത്.
കോവിഡ് അവലോകന യോഗത്തിൽ 'പ്രാണവായു'വിനെതിരെ രൂക്ഷ വിമർശനം
മലപ്പുറം: കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് ജില്ലയിലെ സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ജില്ല ഭരണകൂടം ആവിഷ്കരിച്ച പ്രാണവായു പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി ജനപ്രതിനിധികൾ. വിമർശനം രൂക്ഷമായതോടെ സർക്കാറിെൻറ പദ്ധതിയല്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞ് മന്ത്രി. മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്മാെൻറ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി എം.എൽ.എമാർ രംഗത്തെത്തിയത്.
യോഗത്തിൽ എം.എൽ.എമാരായ പി. ഉബൈദുല്ല, പി. അബ്ദുൽ ഹമീദ്, പി.കെ. ബഷീർ, ടി.വി. ഇബ്രാഹിം എന്നിവരാണ് നേരിട്ട് പെങ്കടുത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി, യു.എ. ലത്തീഫ്, എ.പി. അനിൽകുമാർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ ഒാൺലൈനായും സംബന്ധിച്ചു.
ജില്ലയിലെ കോവിഡ് അവലോകനവുമായി ബന്ധപ്പെട്ട നിർണായക യോഗമായിട്ടും ജില്ല ഭരണകൂടത്തിെൻറ മേധാവിയായ കലക്ടർ കെ. ഗോപാലകൃഷ്ണൻ യോഗത്തിനെത്തിയിരുന്നില്ല. പകരം എ.ഡി.എം എൻ. മെഹറലിയാണ് സംബന്ധിച്ചത്. യോഗത്തിൽ പദ്ധതിക്കെതിരെ ജനപ്രതിനിധികൾ വിമർശനം ഉന്നയിച്ചതായി പി. ഉബൈദുല്ല എം.എൽ.എ പറഞ്ഞു. ജനപ്രതിനിധികളെ പോലും അറിയിക്കാതെയാണ് ഇത്തരത്തിൽ പദ്ധതി ആവിഷ്കരിച്ചത്.
നിലവിൽ 16 എം.എൽ.എമാരിൽനിന്നായി എം.എൽ.എ ഫണ്ടിൽനിന്ന് നാല് കോടി വീതം 64 കോടി സർക്കാർ പിടിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് ജില്ല ഭരണകൂടം സ്വന്തം നിലയിൽ പദ്ധതി തയാറാക്കിയത്. അതേസമയം, പദ്ധതി സർക്കാറിെൻറ അറിവോടെയല്ല നടപ്പാക്കിയതെന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രാദേശികമായി ആവിഷ്കരിച്ച പദ്ധതിയാെണന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.