പൊന്നാനി: പൊന്നാനി താലൂക്കിൽ മഴക്ക് ശമനമില്ല. മൂന്നിടങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നു. പൊന്നാനി മരക്കടവ്, ആലങ്കോട്, വെളിയങ്കോട്, വട്ടംകുളം, എന്നിവിടങ്ങളിലാണിത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. പൊന്നാനി നഗരസഭയിലും പത്ത് പഞ്ചായത്തുകളിലെയും മിക്കയിടങ്ങളും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഒഴുകിപ്പോകാനുള്ള ഇടങ്ങളെല്ലാം അടഞ്ഞതോടെയാണ് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. പൊന്നാനി ഹൗസിങ് കോളനിയിൽ ശക്തമായ വെള്ളക്കെട്ടിനെത്തുടർന്ന് അമ്പതിലേറെ കുടുംബങ്ങൾ വീടൊഴിഞ്ഞു. പ്രദേശത്തെ കാനകൾ അടഞ്ഞതാണ് ദുരിതത്തിന് കാരണമായത്.
പുതുപൊന്നാനി ദേശീയപാതയിൽ പുതിയ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ഒരു സ്പാനിലൂടെ മാത്രമാണ് വെള്ളം ഒഴുകിയിരുന്നത്. ഇതോടെ പൂക്കൈതപ്പുഴയിൽ ജലനിരപ്പ് ഉയരുകയും ചെയ്തു. രണ്ട് സ്പാനുകളിൽ കൂടി വെള്ളം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കി. ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നാല് ഷട്ടറുകളും ഉയർത്തി. പൊന്നാനി താലൂക്കിൽ കടലാക്രമണത്തിന് നേരിയ ശമനമുണ്ടെങ്കിലും വേലിയേറ്റ സമയങ്ങളിൽ കടൽ ആഞ്ഞടിക്കുകയാണ്. നിരവധി വീടുകളാണ് ഇപ്പോഴും തകർച്ചഭീഷണി നേരിടുന്നത്.
പൊന്നാനി എം.ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ ക്യാമ്പിൽ നാല് കുടുംബങ്ങളിൽ നിന്നുള്ള 16 പേരാണുള്ളത്. പൊന്നാനി എ.വി ഹൈസ്കൂളിലും അടിയന്തര സാഹചര്യത്തെ നേരിടാൻ ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. ഇതിനിടെ താലൂക്കിലെ സ്ഥിതി ഗതികൾ വിലയിരുത്താൻ സബ് കലക്ടറുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു.
പൊന്നാനി: ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ 10 ഷട്ടറുകളില്‍ നാല് എണ്ണം വ്യാഴാഴ്ച രാവിലെ തുറന്നു. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ പുഴകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നാലെണ്ണം തുറന്നത്. സ്ഥലത്ത് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വ്യാഴാഴ്ച രാവിലെയോടെയാണ് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍ , ഇര്‍ഷാദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചത്. വെള്ളം കൂടി വരുന്ന സാഹചര്യമുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
കൂടാതെ പത്ത് ഷട്ടറുകളില്‍ ഒരെണ്ണം തകരാറിലാണ്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പൊന്നാനി: മഴ ശക്തമായതോടെ പൊന്നാനിയിലെ വിവിധ സ്കൂളുകളില്‍ വെള്ളം കയറി. ആനപ്പടി എ.എല്‍.പി സ്കൂള്‍, ബി.ഇ.എം.യുപി സ്കൂള്‍ , പൊന്നാനി ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലാണിത്. ആനപ്പടി എ.എല്‍.പി സ്കൂളില്‍ ആദ്യമായാണ് വെള്ളം കയറുന്ന അവസ്ഥയുണ്ടായത്.
ഹൈവേ പ്രവൃത്തിയുടെ ഭാഗമായി അഴുക്കുചാല്‍ നിര്‍മ്മിച്ചതാണ് വെള്ളം കെട്ടി നില്ക്കാന് കാരണമമെന്നാണ് വിലയിരുത്തല്‍. ക്ലാസുകളിലേക്കെല്ലാം വെള്ളം കയറുന്ന സ്ഥിതിയാണ്. സ്ക്കൂള് അധികൃതര്‍ താല്കാലികമായി വെള്ളം മറ്റൊരിടത്തേക്ക് വിടാനുള്ള സംവിധാനം ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.