പള്ളിക്കല്‍: കരിപ്പൂര്‍ വിമാനത്താവള റൺവേയില്‍നിന്ന് മഴവെള്ളം കുത്തിയൊലിച്ച് സമീപവീടുകളിലേക്ക് മലിനജലം ഒഴുകിയെത്തിയതായി പരാതി. പള്ളിക്കല്‍ പഞ്ചായത്ത് കൊടിയേപറമ്പ് പൂക്കുത്തു പ്രദേശത്താണ് സംഭവം. മണ്ണും ചളിയും അടങ്ങിയ മലിനജലം സമീപവാസികളായ പരിയാരം നാടികുട്ടി, പരിയാരം നീലാണ്ടന്, ചാലില്‍ ബഷീര്‍, എന്നിവരുടെ വീടുകളില്‍ കയറിയതാണ് പരാതിക്കിടയാക്കിയത്.
പൊന്‍പാറ ദേവീക്ഷേത്രവളപ്പിലും മണ്ണും ചളിയും നിറഞ്ഞിട്ടുണ്ട്. റണ്‍വെയിലെ മഴവെള്ളം വിമാനത്താവള സംരക്ഷണഭിത്തി കടന്നാണ് പരിസര പ്രദേശത്തേക്കൊഴുകിയത്.
മഴക്കാലമായാല്‍ എല്ലാ വര്‍ഷവും ഇത്തരം സംഭവം പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മഴവെള്ളം അഴുക്കുചാൽ സ്ഥാപിച്ച് അഴനിക്കാട് ചോല വഴി ചെറളത്തോട്ടിലേക്ക് ഒഴുക്കിവിടാന്‍ മൂന്ന് കോടി രൂപയുടെ പദ്ധതി പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വിമാനത്താവള അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് പ്രതിനിധികള്‍ പറയുന്നു.
വിമാനത്താവളത്തിലെ കക്കൂസ് ടാങ്കില്‍നിന്നുള്ള മലിനജലം ഒഴുകി പരിസരത്തെ കിണറും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പരാതിയുണ്ട്. ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് പി. അബ്ദുൽ ഹമീദ് എം.എല്‍.എ, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ്, മുന്‍ പ്രസിഡന്റ് ചെമ്പാന്‍ മുഹമ്മദാലി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു, കൊണ്ടോട്ടി താലൂക്ക് ദുരന്ത നിവാരണ സ്ക്വാഡ് ലീഡര്‍ പ്രേംശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍, കടക്കോട്ടിരി വീരാന്‍കുട്ടി, സി. ജാസിര്‍, തൊട്ടോളി റഹീം തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
വേങ്ങര: ഗ്രാമപഞ്ചായത്തിലെ വീടുകളിൽനിന്ന് ശേഖരിക്കുന്ന, ജൈവ ഖരമാലിന്യം റോഡരികിൽ സ്വകാര്യസ്ഥലത്ത് അലക്ഷ്യമായി തള്ളിയത് ദുരിതമായി. വേങ്ങര ഗ്രാമപഞ്ചായത്തിൽ പത്തൊമ്പതാം വാർഡിൽ ചേറ്റിപ്പുറം മാടിനടുത്താണ് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കൂനയായി കൂട്ടിയിട്ടിരിക്കുന്നത്. വീടുകളിൽനിന്ന് പണം വാങ്ങി ശേഖരിച്ച മാലിന്യമാണ് സമയത്തിന് നീക്കാതെ സ്വകാര്യ ഭൂമിയിൽ തള്ളിയത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെ തള്ളുന്നതിലൂടെ മാലിന്യം ഒലിച്ചിറങ്ങുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. മാത്രമല്ല കൊതുകുകൾ മുട്ടയിട്ടു പെരുകുന്നതിനും പകർച്ച വ്യാധികൾ പരക്കാനും കാരണമാവുന്നു. കൂട്ടിയിട്ട മാലിന്യം പലപ്പോഴായി കയറ്റിക്കൊണ്ട് പോവുന്നുണ്ടെങ്കിലും, പൂർണമായും നീക്കാനാവുന്നില്ലെന്ന് വാർഡ് അംഗം നുസ്റത്ത് അമ്പാടൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.