മലപ്പുറം: ഗ്യാസ് പൈപ്പിടലിന് പൊളിച്ച നഗരസഭ പരിധിയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കാൻ നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനം. പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി പൊളിച്ച മുഴുവൻ റോഡുകളും കരാറെടുത്ത കമ്പനിയുടെ നേതൃത്വത്തിൽ ഗതാഗത യോഗ്യമാക്കണം.
പ്രവൃത്തിയുടെ ഭാഗമായി തകർത്ത കുടിവെള്ള പൈപ്പുകളും കരാറുകാർ നന്നാക്കാനും യോഗം നിർദേശം നൽകി. റീ ടാറിങ് നടത്തേണ്ട റോഡുകളിൽ മഴക്കാലം അവസാനിച്ച ഉടൻ നവംബർ അവസാന വാരത്തോടെ പൂർത്തിയാക്കണം.
പുതുതായി റോഡിൽ ട്രഞ്ച് കീറുന്നത് മുമ്പ് ബന്ധപ്പെട്ട വാർഡ് കൗൺസിലറുടെയും നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെയും അറിവോടെ ആയിരിക്കുമെന്നും യോഗത്തിൽ ബന്ധപ്പെട്ടവർക്ക് യോഗം നിർദേശം നൽകി. നേരത്തെ പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ട് വാർഡ് തലങ്ങളിൽനിന്ന് വലിയ പരാതിയാണ് ഉയർന്നത്. വാർഡ് മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, 10, 12, 24, 25, 38 എന്നിവിടങ്ങളിൽ റോഡ് തകർന്ന യാത്ര പ്രയാസകരമായിരുന്നു.
വിഷയത്തിൽ ജനങ്ങളിൽ നിന്ന് നഗരസഭാധ്യക്ഷനടക്കം പരാതി ലഭിച്ചു. ഇതോടെ തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗം വിഷയം ചർച്ചക്ക് വരികയും ചൊവ്വാഴ്ച പ്രത്യേക യോഗം വിളിക്കാൻ നിശ്ചയിക്കുകയായുമായിരുന്നു. ചൊവ്വാഴ്ച നഗരസഭയിൽ നടന്ന യോഗത്തിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻമാരായ പി.കെ. സക്കീർ ഹുസൈൻ, പരി അബ്ദുൽ ഹമീദ്, മറിയുമ്മ ഷരീഫ്, പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.