പൂക്കോട്ടുംപാടം: കാലവർഷം നേരത്തേ എത്തിയതോടെ മലയോരത്ത് റബർ തോട്ടങ്ങളിൽ മഴ മറ സ്ഥാപിച്ചു തുടങ്ങി. എന്നാൽ, ലോക്ഡൗണിനെ തുടർന്ന് അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് റബർ കർഷകർക്ക് തിരിച്ചടിയാവുന്നു.
ന്യൂനമർദത്തെ തുടർന്ന് കൂടുതൽ മഴ ലഭിച്ചതോടെ ടാപ്പിങ് നിർത്തിവെച്ച റബർ തോട്ടങ്ങളിലെല്ലാം ടാപ്പിങ് ആരംഭിക്കാനുള്ള മുന്നൊരുക്കത്തിലാണ്. മഴ നേരത്തേ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തിലാണ് മലയോരത്തെ റബർ കർഷകർ മഴ മറകൾ സ്ഥാപിച്ച് തുടങ്ങിയത്. കടകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ മിക്ക കർഷകരും മഴ മറ സ്ഥാപിക്കാനാവാതെ ബുദ്ധിമുട്ടിലാണ്. മഴ കനത്താൽ മഴ മറ സ്ഥാപിക്കാൻ കഴിയാതെ വരുമെന്നും മഴ സീസണിലെ ടാപ്പിങ് പൂർണമായി നഷ്ടപ്പെടുമെന്നും കർഷകർ പറയുന്നു. ഇത് ടാപ്പിങ് തൊഴിലാളികളെയും കാര്യമായി ബാധിക്കും. ലോക്ഡൗൺ സാഹചര്യത്തിൽ തൊഴിലാളി ക്ഷാമവും തിരിച്ചടിയാണ്.
പൊലീസ് നടപടി ഭയന്ന് പല വിദഗ്ധ തൊഴിലാളികളും ഈ സീസണിൽ തൊഴിൽ ഉപേക്ഷിച്ചിരിക്കുകയാണ്.
കാർഷിക ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊഴിലാളികൾക്ക് തൊഴിലെടുക്കാനും സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.