മലപ്പുറം: പൊതുവിദ്യാലയങ്ങളിലെ ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികളില്‍നിന്ന് രണ്ട് ഗഡു സ്പെഷല്‍ ഫീസ് പിരിക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നു. ജൂണിൽ പിരിച്ചെടുക്കുന്ന 29.50 രൂപയും നവംബറിലെ 12.50 രൂപയും സംബന്ധിച്ച വ്യക്തമായ ഉത്തരവ് വരാത്തതാണ് കാരണം. മുൻ വര്‍ഷങ്ങളില്‍ സമയബന്ധിതമായി പിരിച്ചെടുക്കുന്ന തുക ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനാധ്യാപകര്‍ക്ക് പിരിച്ചെടുത്ത് ട്രഷറിയില്‍ അടക്കാനായിട്ടില്ല. സ്കൂള്‍ തുറക്കാന്‍ വൈകിയെങ്കിലും സ്പെഷല്‍ ഫീസ് സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നതിനാൽ ലക്ഷക്കണക്കിന് രൂപയാണ് പ്രധാനാധ്യാപകര്‍ക്ക് ബാധ്യതയായി വരുന്നത്.
സ്പെഷല്‍ ഫീസ് വിദ്യാർഥികളില്‍നിന്ന് പിരിക്കാതിരുന്നാല്‍ അത് ഗുരുതര കൃത്യവിലോപമാണെന്ന് കേരള വിദ്യാഭ്യാസ ചട്ടത്തില്‍ അനുശാസിക്കുന്നുണ്ട്. പിരിച്ചെടുക്കുന്ന തുകയില്‍ നിന്ന് നല്ലൊരു വിഹിതം സ്കൂളിലെ ലൈബ്രറി, ലാബ്, ഓഡിയോ, വിഷ്വല്‍, സ്കൂള്‍ കലോത്സവം, കായികമേള എന്നിവക്കായാണ് വിനിയോഗിക്കേണ്ടത്. എസ്.എസ്.എല്‍.സി പൊതുപരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന അധ്യാപകര്‍ക്കുള്ള പ്രതിഫലം ഈ ഫണ്ട് ഉപയോഗിച്ചാണ് പ്രധാനാധ്യാപകര്‍ നൽകാറുള്ളത്.
2016 മുതലുള്ള എസ്.എസ്.എല്‍.സി പരീക്ഷ ചെലവ് പ്രധാനാധ്യാപകര്‍ക്ക് സര്‍ക്കാറില്‍നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. വര്ഷാവര്ഷങ്ങളില് പിരിക്കുന്ന ഫീസ് ഉപയോഗിക്കാതെ വന്നാല്‍ ഒന്നിച്ച് പിന്‍വലിച്ച് സ്കൂളുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്യാറുണ്ട്.
ഉത്തരവിറക്കണം –കെ.പി.എസ്.എച്ച്.എ
മലപ്പുറം: സ്പെഷല്‍ ഫീസ് സംബന്ധിച്ച് എത്രയുംവേഗം ഉത്തരവിറക്കണമെന്നും ഉച്ചക്കഞ്ഞി വിതരണത്തിന് സര്‍ക്കാര്‍ നല്കുന്ന തുക വര്‍ധിപ്പിക്കണമെന്നും കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുരുണിയന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഹമീദ് പൂക്കരത്തറ, ജില്ല പ്രസിഡൻറ് അബ്ദുല്‍ നാസര്‍, സെക്രട്ടറി അബ്ദുല്‍ മജീദ് പറങ്ങോടത്ത്, കെ. മുഹമ്മദ് ബഷീര്‍, അബ്ദുല്‍ വഹാബ്, കെ. അബ്ദുൽ റഷീദ്, ഇസ്മായില്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.