അരീക്കോട്: സുല്ലമുസ്സലാം കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ വിദ്യാർഥികളുടെ വാവൂർ ചാലിപ്പാടത്തെ ഞാറ് നടീൽ ഉത്സവം ആവേശമായി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ നാളേക്ക് ഒരു നെൽക്കതിർ എന്ന പദ്ധതിയുടെ ഭാഗമായി കോളജിലെ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ പാഠം ഒന്ന് പാടത്തേക്ക് എന്ന മുദ്രാവാക്യവുമായാണ് വിദ്യാർഥികൾ നെൽകൃഷി ഇറക്കിയത്.
ഞാറ് നടീൽ ഉത്സവം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുക്കിയ ഷംസു പാടത്തിറങ്ങി ഞാറ് നട്ട് ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി കോളജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഈ പാടത്ത് കൃഷിയിറക്കി ഇതിൽനിന്ന് ലഭിക്കുന്ന നെല്ല് അവിലാക്കി വിപണിയിൽ എത്തിച്ചിരുന്നു. ചാലിപ്പാടത്തെ ഒരു ഏക്കറോളം ഭൂമിയിൽ ഉമ വിത്താണ് ഇത്തവണ കൃഷി ചെയ്യുന്നത്.
കഴിഞ്ഞ തവണ ഏകദേശം 76 പറ നെല്ലാണ് വിദ്യാർഥികളുടെ കൃത്യമായ പരിപാലനംകൊണ്ട് ലഭിച്ചതെന്ന് കോളജ് പ്രിൻസിപ്പൽ സി.എച്ച്. ഗഫൂർ പറഞ്ഞു. സി.എച്ച്. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കർഷകരായ ടി.കെ. ഇബ്രാഹിംകുട്ടി ഹാജി, ദാമോദരൻ, ബേബി, ചെല്ലക്കുട്ടി, സരോജിനി, തങ്ക, കാർത്യായനി എന്നിവരെ ആദരിച്ചു.
ചീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. സഹീദ്, അരീക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. സുഹുദ്, പഞ്ചായത്ത് അംഗം കെ.കെ. അബ്ദുൽ അസീസ്, കോളജ് മാനേജർ എം.പി. അബ്ദുസ്സലാം, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അശ്റഫ്, എൻ.എസ്.എസ് വളന്റിയർ ലുബ്ന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.