താനൂർ: ദുബൈയിൽ വിവിധ ആരോഗ്യസേവനങ്ങൾ നൽകുന്ന സ്ഥാപനം നടത്തുന്ന താനൂർ സ്വദേശിയിൽനിന്ന് ഹെൽത്ത് സർവിസ് പാക്കേജുകൾക്കായി വൻതുക വാങ്ങി വഞ്ചിച്ചെന്ന് പരാതി. താനൂർ സ്വദേശി വൈദ്യരകത്ത് ജുനൈദാണ് പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശികളായ രണ്ടുപേർ വഞ്ചിച്ചതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതായി വാർത്തസമ്മേളനത്തിൽ അറിയിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള കമ്പനി 2021ൽ ഹെൽത്ത് ഇൻഷുറൻസ്/പാക്കേജ് മേഖലയിൽ കൂടി പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് ഈ മേഖലയിൽ ബ്രോക്കറേജ് സർവിസ് നടത്തുന്ന പട്ടിക്കാട് സ്വദേശികളുമായി പരിചയപ്പെട്ടതെന്ന് ജുനൈദ് പറഞ്ഞു. അവർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ മുഖേന ഹെൽത്ത് ഇൻഷുറൻസ്/പാക്കേജ് സർവിസ് ആരംഭിച്ചു. തുടക്കത്തിൽ നല്ല നിലയിൽ മുന്നോട്ടുപോയെങ്കിലും പിന്നീട് തങ്ങളുടെ ഉപഭോക്താക്കൾക്ക് പദ്ധതി പ്രകാരം വിവിധ ആശുപത്രികളിൽ ലഭ്യമായിരുന്ന സേവനങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടായെന്ന് ജുനൈദ് പറഞ്ഞു. ഇടനിലക്കാരനായി ബ്രോക്കറേജ് സർവിസ് നടത്തിയിരുന്നവരുടെ വീഴ്ച മൂലമാണ് സർവിസ് റദ്ദാക്കപ്പെട്ടതെന്നാണ് ഇൻഷുറൻസ് കമ്പനിയിൽനിന്ന് അറിഞ്ഞത്.
40 ഉപഭോക്താക്കളുടെ ഗർഭകാല ചികിത്സ പദ്ധതിയുടെ തുക ഇൻഷുറൻസ് കമ്പനിയിൽ അടച്ചതിന്റെ രേഖകൾ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തന്നില്ല. പിന്നീട് ഒരു പ്രതികരണവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും നാട്ടിലേക്ക് മുങ്ങുകയാണുണ്ടായതെന്നും ജുനൈദ് ആരോപിച്ചു.
യു.എ.ഇയിൽ നൽകിയ പരാതിയുടെ കൂടി അടിസ്ഥാനത്തിൽ താനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. നവംബർ 15നകം പരിഹാരമുണ്ടായില്ലെങ്കിൽ തന്റെ സ്പോൺസറും ബിസിനസ് പങ്കാളിയുമായ യു.എ.ഇ പൗരന്റെയും മധ്യസ്ഥരുടെയും നിർദേശാനുസരണം നാട്ടിലും യു.എ.ഇയിലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ജുനൈദ് പറഞ്ഞു. പിതാവ് അബ്ദുൽ ഖാദറും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.