താനൂർ: അവകാശ തർക്കത്തെ തുടർന്ന് 1988ൽ സർക്കാർ ഏറ്റെടുത്ത് നടത്തുന്ന കോർമന്തല എ.എം.എൽ.പി സ്കൂളിന്റെയും ചിറക്കൽ കെ.പി.എൻ.എം.യു.പി സ്കൂളിന്റെയും ദുരവസ്ഥ തുടരുന്നു. പൂർണമായും തകർച്ചയിലേക്ക് നീങ്ങുന്ന സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാറിന് ഹൈകോടതി നിർദേശം നൽകിയിട്ടും വേണ്ട ഇടപെടലുകളുണ്ടാകുന്നില്ലെന്ന് പരാതി. രണ്ട് സ്കൂളുകളിലേയും പി.ടി.എ കമ്മറ്റികൾ സർക്കാറിനെയും താനൂർ നഗരസഭയെയും കക്ഷികളാക്കി ബോധിപ്പിച്ച റിട്ട് പെറ്റിഷനുകളിൽ ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂൾ ഉടമകളുടെ കുടുംബത്തിലുണ്ടായ തർക്കത്തെ തുടർന്നാണ് നല്ല നിലയിൽ താനൂരിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന രണ്ട് എയ്ഡഡ് സ്കൂളുകളും പരിതാപകരമായ സാഹചര്യത്തിലേക്ക് എത്തിപ്പെട്ടത്. നേരത്തേ 400ഓളം വിദ്യാർഥികൾ പഠിച്ചിരുന്ന എ.എം.എൽ.പി സ്കൂളിൽ ഇപ്പോൾ 172 കുട്ടികളും 800ഓളം വിദ്യാർഥികൾ പഠിച്ചിരുന്ന കെ.പി.എൻ.എം.യു.പി സ്കൂളിൽ ഇപ്പോൾ 168 കുട്ടികളുമാണ് പഠിക്കുന്നത്. രണ്ട് വിദ്യാലയങ്ങളിലും നിയമനം നടക്കുന്നത് പി.എസ്.സി മുഖേനയാണന്നെ തൊഴിച്ചാൽ സർക്കാറിൽനിന്ന് സഹായങ്ങളൊന്നും ലഭിക്കുന്നില്ല. സ്കൂൾ നടത്തിപ്പിന്റെ താൽക്കാലിക ചുമതല മാത്രമാണ് സർക്കാർ ഏറ്റെടുത്തത്.
താനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്കാണ് നടത്തിപ്പ് ചുമതല. അധ്യാപക നിയമനത്തിൽ വന്ന കാലതാമസവും പൊളിഞ്ഞുവീഴാറായ കെട്ടിടവും സ്കൂളിൽ വിദ്യാർഥികളെ ചേർക്കുന്നതിൽനിന്ന് രക്ഷിതാക്കളെ പിന്തിരിപ്പിക്കുകയാണ്. അക്കാദമിക രംഗത്തും കായിക കലാരംഗത്തും ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത രണ്ട് സ്കൂളുകളുടെയും ഇപ്പോഴത്തെ ദുരവസ്ഥ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സർക്കാറിന് മുമ്പാകെ നിരന്തരം അവതരിപ്പിച്ചിട്ടും ഫലമൊന്നുമുണ്ടാകുന്നില്ല. സ്കൂൾ നടത്തിപ്പ് സംബന്ധിച്ച് ബന്ധപ്പെട്ട കുടുംബാംഗങ്ങൾ തമ്മിൽ കോടതികളിൽ വ്യവഹാരങ്ങൾ നിലനിൽക്കുന്നതിനാൽ സർക്കാറിനും നഗരസഭക്കും ഫണ്ടുകൾ അനുവദിക്കുവാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ ഇരുസ്കൂളുകളും സമ്പൂർണ തകർച്ചയിലേക്കാണ് നീങ്ങുന്നത്.
നഗരസഭ സ്കൂൾ ഏറ്റെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഇതിനും സർക്കാറിന്റെ പ്രത്യേക അനുമതി ലഭ്യമാകേണ്ടതുണ്ട്. ഏറെയും മത്സ്യത്തൊഴിലാളുകളും കൃഷിക്കാരുമടക്കമുള്ള സാധാരണക്കാരുടെ മക്കൾ ആശ്രയിക്കുന്ന ഇരുവിദ്യാലയങ്ങളിലും കെട്ടിടങ്ങൾ പൊളിഞ്ഞു വീഴാറായ നിലയിലാണുള്ളത്. തറകളും ഭിത്തിയും തകർന്ന് ഇവിടങ്ങളിൽ പാമ്പുകളടക്കമുള്ള ജീവികൾ താവളമാക്കുന്ന അപകടകരമായ സാഹചര്യം കൂടിയുണ്ട്. ഈ ഘട്ടത്തിലാണ് പി.ടി.എ കമ്മറ്റികൾ പ്രശ്നപരിഹാരത്തിനായി ഹൈകോടതിയെ സമീപിക്കുന്നത്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും കേട്ടുകൊണ്ടാണ് ഇക്കാര്യത്തിൽ പി.ടി.എ കമ്മിറ്റികൾ കോടതി മുമ്പാകെ ബോധിപ്പിച്ച കാര്യങ്ങളിൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ ഹൈകോടതി പൊതു വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.
ഹൈകോടതിയുടെ ഇടപെടലോടെ ഇരു സ്കൂളുകളുടേയും ഇപ്പോഴത്തെ ദുരവസ്ഥക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പി.ടിഎ കമ്മിറ്റികളും നാട്ടുകാരുമെന്നും എന്നാൽ ഉത്തരവിറങ്ങി മാസങ്ങളായിട്ടും സ്കൂളുകളിൽ ഇതിന്റെയടിസ്ഥാനത്തിലുള്ള പ്രാഥമിക പരിശോധന പോലും വിദ്യാഭ്യാസ വകുപ്പ് അധികൃതർ നടത്തിയിട്ടില്ലെന്നും അടിയന്തര ഇടപെടൽ സർക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും പി.ടി.എ ഭാരവാഹികൾ താനൂരിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കെ.പി.എൻ.എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.പി. ഫൈസൽ, മുൻ പി.ടി.എ പ്രസിഡൻറ് സി.പി. ഗഫൂർ, കോർമന്തല സ്കൂൾ പി.ടി.എ പ്രസിഡൻറ് എം.പി. അൻസാർ, മുൻ പി.ടി.എ പ്രസിഡന്റ് സി. ലത്തീഫ്, എം.പി. ജലാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.