താനൂർ: കനോലി കനാൽ മാലിന്യങ്ങളാൽ നിറഞ്ഞൊഴുകാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടും അറ്റമില്ലാത്ത അവഗണന തുടർന്ന് അധികാരികൾ. 1848ൽ ബ്രിട്ടീഷ് സർക്കാറിന്റെ മലബാർ കലക്ടറായിരുന്ന എച്ച്.വി. കനോലി ജലഗതാഗതവും ചരക്കു കടത്തും ലക്ഷ്യമാക്കി ജലാശയങ്ങളെയും പുഴകളെയും കൂട്ടിയിണക്കി നിർമിച്ചെടുത്ത കനോലി കനാൽ ഒരുകാലത്ത് താനൂരിലെ പ്രധാന ചരക്കുകടത്ത് മാർഗം കൂടിയായിരുന്നു. താനൂരിലൂടെ കനാൽ കടന്നുപോകുന്നത് അറബിക്കടലിന് സമാന്തരമായി ഉണ്യാൽ മുതൽ പൂരപ്പുഴ വരെയുള്ള ദൂരമാണ്. ഇരുകരകളിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ക്രമേണ കനാൽ മാലിന്യങ്ങളാൽ നിറയുകയായിരുന്നു. മണ്ണും ചളിയും നിറഞ്ഞും കരയിടിഞ്ഞും കനാൽ ശോച്യാവസ്ഥയിലായതിനെ തുടർന്ന് 2015ൽ അന്നത്തെ എം.എൽ.എയായിരുന്ന അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ശ്രമഫലമായി അഞ്ചുടി വരെയുള്ള ഭാഗം മാലിന്യങ്ങൾ നീക്കി വീതി കൂട്ടി പാർശ്വഭിത്തി നിർമിച്ച് നവീകരിച്ചിരുന്നു.
പിന്നീട് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ഇപ്പോഴത്തെ മന്ത്രി കൂടിയായ വി. അബ്ദുറഹ്മാൻ കനാൽ നവീകരണത്തിന് മുഖ്യ പരിഗണന നൽകുമെന്നും ബേക്കൽ മുതൽ കോവളം വരെയുള്ള 2500 കോടിയുടെ ദേശീയ ജലപാത പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇതിനായി സിയാൽ മാതൃകയിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപവത്കരിച്ചെന്നും ആദ്യ ഘട്ട പ്രവൃത്തികൾക്കായി 600 കോടി രൂപ അനുവദിച്ചെന്നും അറിയിച്ചതല്ലാതെ വർഷങ്ങൾ പിന്നിട്ടിട്ടും താനൂരിൽ കനാൽ നവീകരണ പ്രവൃത്തികളൊന്നും തുടങ്ങാനായില്ല. യന്ത്ര സഹായത്താൽ മാലിന്യങ്ങൾ നീക്കുന്ന പദ്ധതി നടപ്പാക്കുന്നതിനെപ്പറ്റിയും പ്രഖ്യാപനങ്ങൾ വന്നെങ്കിലും അതും നടപ്പായില്ല.
മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് ബന്ധപ്പെട്ടവർ പ്രവൃത്തി നടക്കാത്തതിന് കാരണമായി പറയുന്നതെന്നറിയുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ഒരുകോടി രൂപയുടെ പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടെന്നും ഭരണാനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് ഇപ്പോൾ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
മാലിന്യങ്ങൾ നീക്കി വീതികൂട്ടി പാർശ്വഭിത്തികൾ നിർമിച്ച് നവീകരിച്ച കനാലും കനാലിന് സമാന്തരമായി പുതിയ റോഡും വരുന്നതോടെ താനൂരിന്റെ ചിരകാല സ്വപ്നങ്ങൾക്കായിരിക്കും ചിറക് മുളക്കുക. കൂടെ കനോലി കനാൽ സൗന്ദര്യവത്കരണത്തിലൂടെ വിനോദ സഞ്ചാര സാധ്യതകളിലേക്കും വാതിൽ തുറക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പദ്ധതി നടപ്പാക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് ആക്കം കൂടിയിരിക്കുകയാണ്.
താനൂർ: കനോലി കനാലിന്റെ ശോച്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനിടെ കനാലിനെ കൂടുതൽ അപകടാവസ്ഥയിലേക്കെത്തിക്കാതെ സംരക്ഷിക്കുന്നതിനും മാലിന്യങ്ങൾ കനാലിൽ നിക്ഷേപിക്കുന്നത് തടയാനുമായി കനാലിന്റെ വശങ്ങളിൽ താമസിക്കുന്നവർ ചേർന്ന് കനോലി കനാൽ സംരക്ഷണ സമിതി രൂപവത്കരിച്ചു.
മാലിന്യങ്ങളാൽ നിറഞ്ഞ കനാലും പരിസരവും പ്രദേശവാസികളുടെ ആരോഗ്യത്തിന് കൂടി ഭീഷണിയാകുന്ന സാഹചര്യമാണുള്ളത്. പരിസരവാസികളേക്കാൾ ദൂര സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഇരുളിന്റെ മറവിൽ മാലിന്യങ്ങൾ കനാലിൽ നിക്ഷേപിക്കുന്നതെന്ന കണ്ടെത്തലിന്റെയടിസ്ഥാനത്തിൽ അത്തരം പ്രവൃത്തികൾ തടയുന്നതിനും നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പു വരുത്തുന്നതിനും പ്രദേശവാസികൾ ജാഗ്രതയിലാണ്. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ കൂട്ടായ്മയുടെ പ്രവർത്തകർ ഓരോ വീട്ടിലുമെത്തി കനാൽ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്കരണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച വനിത കൂട്ടായ്മയും പ്രവർത്തനങ്ങളിൽ സജീവമാണ്. പ്രദേശത്തെ നഗരസഭ കൗൺസിലർമാരും നേതാക്കളുമുൾപ്പെടെയുള്ളവർ അംഗങ്ങളായ കൂട്ടായ്മയിൽ സംഘടനാ ഭേദമന്യേ നാട്ടുകാർ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ഇത് കൂടാതെ താനൂരുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ കൂട്ടായ്മകളിലും കനോലി കനാലിന്റെ ശോച്യാവസ്ഥ സജീവ ചർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.