താനൂർ: താനൂർ ഹാർബറിൽ പ്രവേശന ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം കനക്കുന്നതിനിടെ പ്രവേശന ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യുവും രംഗത്തെത്തി.
ഫീ പിരിവിനായി കരാറെടുത്തവർ ധൃതിപ്പെട്ട് ബോർഡുകൾ സ്ഥാപിച്ചതാണ് ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയതെന്നാണ് സി.ഐ.ടി.യു നേതാക്കൾ പറയുന്നത്. ഹാർബർ ഉദ്യോഗസ്ഥരുമായി മത്സ്യഫെഡ് ബോർഡ് അംഗം പി.പി. സൈതലവി, മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം എം. അനിൽകുമാർ, താനാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് എന്നിവർ വിഷയം ചർച്ച ചെയ്തു.
ജനങ്ങൾക്കും തൊഴിലാളികൾക്കും പ്രവേശന ഫീസ് ഈടാക്കുന്നത് ഒഴിവാക്കുമെന്നും ആവശ്യമായ ഇളവുകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പ്രദേശത്തെ വിവിധ വിഭാഗത്തിലുള്ള ആളുകളുമായി പൊന്നാനിയിൽ വെച്ച് ചർച്ച നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി നേതാക്കൾ അറിയിച്ചു.
ഹാർബർ പിരിവിന് കരാറെടുത്തവർ ഒരു ബോർഡ് കൊണ്ടുപോയി സ്ഥാപിച്ച് പ്രദേശത്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയത്. ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.