താനൂർ: ഓണാഘോഷക്കാലത്ത് ജില്ലയിലെ കടൽ തീരങ്ങളിലേക്ക് വിനോദത്തിനും വിശ്രമത്തിനുമായി ധാരാളം പേർ എത്തുമ്പോഴും സുരക്ഷക്ക് മതിയായ സംവിധാനങ്ങളില്ലെന്നും ആകെയുള്ള ചുരുക്കം ലൈഫ് ഗാർഡുകൾക്ക് തൊഴിൽ സുരക്ഷയോ ആനുകൂല്യങ്ങളോ ലഭ്യമാകുന്നില്ലെന്നും പരാതി.
ആയിരക്കണക്കിനാളുകളാണ് ജില്ലയിലെ പ്രധാന ബീച്ചുകളായ താനൂർ തൂവൽതീരം, പരപ്പനങ്ങാടി കെട്ടുങ്ങൽ, പടിഞ്ഞാറക്കര, പറവണ്ണ, ഉണ്ണിയാൽ എന്നിവിടങ്ങളിൽ എത്തുന്നത്. ഇവരുടെ സുരക്ഷക്കായി ജില്ലയിൽ ആകെയുള്ളത് അഞ്ച് ലൈഫ് ഗാർഡുകൾ മാത്രമാണ്.
സന്ദർശകരെ മുങ്ങിമരണത്തിൽനിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പ് 1985ലാണ് ദിവസ വേതന വ്യവസ്ഥയിൽ ലൈഫ് ഗാർഡുകളെ നിയമിച്ചു തുടങ്ങിയത്. നിലവിൽ 146 ലൈഫ് ഗാർഡുകളാണ് കേരളത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ അഞ്ച് പേർ മാത്രമാണ് ജില്ലയിലുള്ളത്.
ഇതിൽ മൂന്നു പേർ മാത്രമാണ് തീരത്ത് ജോലിയിലുള്ളത്. പൊന്നാനി, കെട്ടുങ്ങൽ, തൂവൽ തീരം എന്നിവിടങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്. തൂവൽ തീരത്തുള്ളയാൾ നിലവിൽ അവധിയിലുമാണ്. ബാക്കി രണ്ടുപേരെ കടലുമായി യാതൊരു ബന്ധവുമില്ലാത്ത കുറ്റിപ്പുറം മിനി പമ്പയിലും ആഡ്യൻപാറയിലുമാണ് നിയമിച്ചിരിക്കുന്നത്.
കേരളത്തിലെ മറ്റു ജില്ലകളിലെ ലൈഫ് ഗാർഡുകളുടെ ജോലി സമയം രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയും തൊട്ടടുത്ത ദിവസം അവധിയുമെന്നതാണെങ്കിൽ പുതുതായിറങ്ങിയ ഉത്തരവനുസരിച്ച് ജില്ലയിലെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത് രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയായാണ്. ഇടവേളയില്ലാതെ എല്ലാ ദിവസവും ജോലി ചെയ്യണമെന്നാണ് പുതിയ ഉത്തരവിലുള്ളത്.
ഈ സമയക്രമമനുസരിച്ച് കൂടുതൽ സഞ്ചാരികളെത്തുന്ന പ്രഭാതത്തിലും സന്ധ്യ സമയത്തും അപകടത്തിൽപെടുന്നവരെ രക്ഷിക്കാൻ ലൈഫ് ഗാർഡുമാരുടെ സേവനം ലഭ്യമാകില്ല. 200 മുതൽ 300 മീറ്റർ വരെ നീളത്തിലാണ് ഒരു ലൈഫ് ഗാർഡിന്റെ നിരീക്ഷണ ചുമതല എന്നിരിക്കെ ജില്ലയുടെ തീരത്ത് സന്ദർശകരുടെ സുരക്ഷക്കായി നിയമിച്ച ലൈഫ് ഗാർഡുകളുടെ എണ്ണം തീർത്തും അപര്യാപ്തമാണ്.
എത്രയും വേഗം സന്ദർശകരുടെ എണ്ണത്തിനും ബീച്ചിന്റെ വലിപ്പത്തിനും അനുസരിച്ച് കൂടുതൽ ലൈഫ് ഗാർഡുകളെ നിയമിക്കണമെന്നും തൊഴിൽ സുരക്ഷയും പെൻഷനുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്നും താനൂർ ഒട്ടുമ്പുറം സ്വദേശിയും കെട്ടുങ്ങൽ ബീച്ചിൽ ലൈഫ് ഗാർഡുമായ സമീർ ചിന്നൻ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.