താനൂർ: താനാളൂരിൽ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ഥാനാർഥി ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്. പഞ്ചായത്ത് 17ാം വാർഡ് യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വെള്ളിയത്ത് സൈതലവിയുടെ വീടിന് നേരെയാണ് വൈകീട്ടോടെ ആക്രമണം നടന്നതായി പരാതി. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിൽ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം സംസാരിച്ചിരിക്കെ ബന്ധുവായ ചിലർക്കൊപ്പം എത്തിയ സംഘം വീട് ആക്രമിക്കുകയും വീട്ടിലുള്ളവരെയും പ്രവർത്തകരെയും മർദിക്കുകയായിരുന്നുവെന്ന് വെള്ളിയത്ത് സൈതലവി പറഞ്ഞു. ഭാര്യ അസ്മാബി (35), മകൾ ഷഹാന (17), ഒന്നര വയസ്സുകാരി, യു.ഡി.എഫ് പ്രവർത്തകരായ പുളിക്കൽ പറമ്പിൽ ശിഹാബുദ്ദീൻ (26) കാപ്പയിൽ ബഷീർ (26) കാട്ടത്തിൽ റഫീഖ് (28) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പൂക്കയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാജയഭീതി മൂലമാണ് തന്നെയും കുടുംബത്തെയും ആക്രമിച്ചതെന്ന് വെള്ളിയത്ത് സൈതലവി പറഞ്ഞു.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ആക്രമികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് കെ.എൻ. മുത്തുകോയ തങ്ങളും പി.എസ്. സഹദേവനും പറഞ്ഞു. താനൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചതിനാൽ വലിയ സംഘർഷമാണ് ഒഴിവായത്. അക്രമത്തിൽ പ്രതിഷേധിച്ച് താനാളൂർ അങ്ങാടിയിൽ രാവിലെ ആറ് മുതൽ ഉച്ചക്ക് രണ്ട് വരെ ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
ചങ്ങരംകുളം: തദ്ദേശ തെരഞ്ഞെടുപ്പിനിടെ പ്രശ്നബാധിത ബൂത്തായ ആലങ്കോട് പഞ്ചായത്തിലെ ഉദിനുപറമ്പിലും വാര്‍ഡ് എട്ട് ചിയ്യാനൂരിലെ പോളിങ് ബൂത്തുകളിൽ വാക്കേറ്റവും ഉന്തും തള്ളും. ഇരു ബൂത്തുകളിലും ഓപണ്‍ വോട്ട് ചെയ്യിക്കാന്‍ ശ്രമിച്ചതിനിടെയുണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷാവസ്ഥയിലേക്ക് എത്തുകയായിരുന്നു.
തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി, ബൂത്തിന് മുന്നില്‍ സംഘടിച്ച് നിന്ന പ്രവര്‍ത്തകരെ ലാത്തി വീശി വിരട്ടി ഓടിച്ച് രംഗം ശാന്തമാക്കി. ഏഴാം വാർഡ് ഉദിനുപറമ്പ് ബൂത്തിലെ വോട്ടുയന്ത്രം കുറച്ചുസമയം തകരാറിലായി. പിന്നീട് തകരാറ് പരിഹരിച്ചു.
തിരുനാവായ: പഞ്ചായത്ത് എട്ടാം വാർഡിലെ എടക്കുളം ജി.എം.എൽ.പി സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം.
ഓപ്പൺ വോട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇരു വിഭാഗം തമ്മിൽ വാക്കു തർക്കത്തിനും ഉന്തും തളളിനും ഇടയാക്കിയത്. ഇതേത്തുടർന്ന് ഗ്രൗണ്ടിൽ തടിച്ചുകൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു.
പൊന്നാനി: പൊന്നാനി 37ാം വാർഡിലെ പോളിങ് ബൂത്തായ മുക്കാടി ഇൽമിയ മദ്റസക്ക് അകലെ നിന്ന പ്രായമായവരെ പൊലീസ് അകാരണമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. പൊലീസ് മർദനത്തിൽ പിക്കിെൻറ ഹംസു (58), ചെറിയ പുരക്കൽ കുഞ്ഞൻ ബാവ (48) എന്നിവർക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് നാട്ടുകാർ പഴയ ദേശീയപാത ഉപരോധിച്ചു.
വൈകീട്ട് നാലരയോടെ ബൂത്തിന് സമീപത്തെ പള്ളിയിൽനിന്ന് ഇറങ്ങുകയായിരുന്ന ആളെ ഉൾപ്പെടെയാണ് പൊന്നാനി എസ്.ഐ ദിനേശെൻറ നേതൃത്വത്തിൽ മർദിച്ചതായി പരാതിയുള്ളത്. മർദനത്തിൽ ഇരുവരുടെയും കാലുകൾക്ക് പരിക്കേറ്റു. സമാധാനപരമായി വോട്ടിങ് നടക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മർദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു.
എന്നാൽ പൊലീസിനെ കണ്ട് കൂട്ടംകൂടി നിന്നവർ ഭയന്നോടുകയായിരുന്നെന്നും ഓട്ടത്തിനിടെ വീണ് പരിക്കേൽക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡി.വൈ.എസ്.പി ശംസ് പരിക്കേറ്റവരിൽ നിന്നു മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.