താനൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ താനൂർ-തെയ്യാല റോഡ് റെയിൽവേ മേൽപാല നിർമാണം അവസാന ഘട്ട പ്രവൃത്തികളിലേക്ക് കടക്കുന്നു. നിർമാണം തുടങ്ങി വർഷങ്ങളേറെയായിട്ടും പ്രവൃത്തി എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങിയത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ് 2021ൽ തുടങ്ങിയ മേൽപാലം പ്രവൃത്തി പലവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു.
പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായെന്ന് പറഞ്ഞ് തെയ്യാല റോഡ് റെയിൽവേ ഗേറ്റ് അടച്ചിട്ടത് മാസങ്ങളോളം നീണ്ടത് നാട്ടുകാരെ വൻ ദുരിതത്തിലാഴ്ത്തിയിരുന്നു. കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ഗേറ്റ് പിന്നീട് തുറന്നു കൊടുക്കുകയായിരുന്നു. മഴ കനത്തതോടെ കുണ്ടും കുഴിയുമായ റോഡിലൂടെ ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ ഗേറ്റ് കടന്നുപോകുന്നത്. ഇതിനിടെയാണ് പ്രവൃത്തി വേഗത്തിലാകുമെന്ന പ്രതീക്ഷ നൽകി റെയിൽവേ ട്രാക്കിന് മുകളിലൂടെ സ്ഥാപിക്കാനുള്ള ഗർഡറുകൾ പ്രവൃത്തി സ്ഥലത്തെത്തിയത്. വരുംദിവസങ്ങളിലും കൂടുതൽ വണ്ടികളിൽ ഗർഡറുകൾ എത്തും. ശേഷം രണ്ടാഴ്ചയോളം ഗർഡറുകൾ കൂട്ടി യോജിപ്പിക്കുന്ന പ്രവൃത്തി നടക്കും.
ഇതിന്റെ ഭാഗമായി റെയിൽവേ ഗേറ്റ് വീണ്ടും അടച്ചിടുമെന്നാണറിയുന്നത്. കിഫ്ബി ഫണ്ടിൽനിന്ന് 33.3 കോടി രൂപ ചെലവിൽ നിർമിക്കുന്ന മേൽപാലം പൂർത്തിയാവുന്നതോടെ താനൂരിലെ ജനങ്ങൾക്കാകെയും, താനൂരിനെ ആശ്രയിക്കുന്ന കിഴക്കൻ ഭാഗങ്ങളിൽ ഉള്ളവർക്കും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാനാവും. താനൂർ ഹാർബർ, താലൂക്ക് ആശുപത്രി, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയെ ആശ്രയിക്കുന്നവർക്ക് മേൽപാലം വരുന്നതോടെ വലിയ ആശ്വാസമാകും.
നിരവധി ട്രെയിനുകൾ കടന്നുപോകുന്ന റെയിൽവേ ലൈനിൽ കുരുങ്ങി കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കിടക്കുന്ന ദുരവസ്ഥ മാറ്റുന്നതിന് ഒന്നാം പിണറായി സർക്കാറിൽ താനൂരിലെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട വി. അബ്ദുറഹിമാന്റെ ശ്രമഫലമായാണ് റെയിൽവേ മേൽപാലം അനുവദിച്ചത്. 2024ൽ തന്നെ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു നൽകുമെന്നാണ് മന്ത്രി വി. അബ്ദുറഹിമാൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.