താനൂർ: താനൂരിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള, അപകടാവസ്ഥയിലായ അങ്ങാടിപ്പാലത്തിൽ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഉയര നിയന്ത്രണ കമാനം സ്ഥാപിക്കുന്നു. കൈവരികൾ തകർന്ന് അത്യന്തം അപകടാവസ്ഥയിലായ സമയത്ത് പോലും ഹെവി വാഹനങ്ങൾ പാലം വഴി കടന്നു പോകുന്നതിന്റെ അപകടസാധ്യത ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
താനൂർ ജങ്ഷനിൽ നിന്ന് താനൂർ ഹാർബറിലേക്കുള്ള പ്രധാനപാതയിലാണ് ഈ പാലം. പാലത്തിന്റെ ആകൃതിയുമായി ബന്ധപ്പെടുത്തി കൂനൻ പാലം എന്നും അറിയപ്പെടുന്ന ഇതുവഴി ഭാര വാഹനങ്ങൾ കടന്നുപോകുന്നത് വിലക്കുന്ന ബോർഡുകളുണ്ടെങ്കിലും ഇവ യഥേഷ്ടം കടന്നുപോകുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇത് തടയാനായി ഉയര നിയന്ത്രണ കമാനം വേണമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. നഗരസഭയും കമാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
2023 ആഗസ്റ്റ് 14 ന് ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് പാലത്തിന്റെ ശോച്യാവസ്ഥയും കാലപ്പഴക്കവും മൂലം ബസ്, ഭാരം കയറ്റിയ ചരക്കു വാഹനങ്ങള്‍ തുടങ്ങിയവ പാലത്തിലൂടെ കടന്നു പോവുന്നത് നിരോധിച്ച് തീരുമാനമെടുത്തത്. ഇതിന്റെയടിസ്ഥാനത്തിൽ വലിയ വാഹനങ്ങള്‍ നിരോധിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകളും പാലത്തിനിരുവശവുമുള്ള റോഡുകളില്‍ സ്ഥാപിച്ചെങ്കിലും ഫലപ്രദമാകാതിരുന്നതിനാൽ കൂടിയാണ് ഉയര നിയന്ത്രണ കമാനം സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടക്കുന്നതിനാൽ അങ്ങാടിപ്പാലം (കൂനന്‍ പാലം) വഴിയുള്ള വാഹന ഗതാഗതം വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറു വരെ നിരോധിച്ചതായി തിരൂര്‍ പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍ വിഭാഗം) അസി. എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
താനൂർ വാഴക്കത്തെരു അങ്ങാടി, ഉണ്ണിയാൽ, ഒട്ടുംപുറം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസ്, ചരക്കു വാഹനങ്ങൾ അടക്കമുള്ള വലിയ വാഹനങ്ങൾ ജൂലൈ 18 മുതല്‍ താനൂർ ബ്ലോക്ക് ഓഫിസ് ജങ്ഷനിൽ നിന്ന് ബീച്ചിലേക്കുള്ള റോഡ് വഴി തിരിഞ്ഞുപോകണമെന്നും പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയര്‍ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.