താനൂർ: താനൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി താനൂർ നഗരസഭയിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ മാത്രമായി 71.5 കോടി രൂപയുടെ അനുമതിയായതായി മന്ത്രി വി. അബ്ദുറഹിമാൻ താനൂരിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 100 കോടി രൂപ ചെലവിൽ ടാങ്കും കിണറും ട്രീറ്റ്മെൻറ് പ്ലാൻറും തയാറായി. ചെറിയമുണ്ടം, പൊന്മുണ്ടം, നിറമരുതൂർ, താനാളൂർ പഞ്ചായത്തുകളിൽ ജലജീവൻ പദ്ധതിക്കും ഭരണാനുമതി ലഭിച്ചു. നഗരസഭയിൽ കിഫ്ബി വഴിയാണ് ഫണ്ട് അനുവദിക്കുന്നത്. വിതരണ ടാങ്കുകളുടെ പ്രവൃത്തി നടക്കുന്നുണ്ട്. പൈപ്പിടൽ ജോലികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പൂരപ്പുഴ െറഗുലേറ്റർ പദ്ധതിക്കായി വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചു. 12 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. നേരത്തേ പരിശോധന നടത്തിയെങ്കിലും പുഴയിൽ പാറ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് മറ്റൊരു സ്ഥലത്ത് പരിശോധന നടത്താൻ തീരുമാനിച്ചത്. യോജ്യമാണെന്ന് കണ്ടെത്തിയാൽ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഒട്ടുംപുറം സിദ്ദീഖ് പള്ളിക്ക് സമീപം പൂരപ്പുഴയുടെ കര സംരക്ഷണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു.
ഇവിടത്തെ 14 വീടുകൾ അപകടാവസ്ഥയിലാണ്. ഭിത്തികെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ജില്ല ദുരന്ത നിവാരണ സമിതി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ദുരന്ത നിവാരണ വിഭാഗത്തിെൻറ ഫണ്ട് പാസാകാൻ കാലതാമസം നേരിടുമെന്നതിനാൽ ഇറിഗേഷൻ വകുപ്പാണ് പദ്ധതിക്കായി 50 ലക്ഷം രൂപ അനുവദിച്ചതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.