തിരൂർ: മനസ്സിൽ തട്ടിനിൽക്കുന്ന കഥയും അഭിനയ മുഹൂർത്തങ്ങളുമായി നാട്ടിൻ പുറത്തെ ഒരുകൂട്ടം ആളുകൾ അരങ്ങിലെത്തിച്ച നാടകത്തിന് നിറഞ്ഞ കൈയടി. തൃപ്രങ്ങോട് സഹൃദയ അവതരിക്കുന്ന ‘ഇവിടം സ്വർഗം’ നാടകമാണ് നിറഞ്ഞ കൈയടികളോടെ വേദികൾ കീഴടക്കുന്നത്. തൃപ്രങ്ങോടുള്ള ചിലർ ചേർന്നാണ് സഹൃദയ എന്ന സമിതിയുണ്ടാക്കി മറവിയിലേക്ക് വഴിമാറിപ്പോയ അമേച്വർ നാടക കലയെ വീണ്ടും അരങ്ങിലെത്തിച്ചത്. പ്ലാസ്റ്റിക് മാലിന്യം കൊണ്ട് ഭൂമിക്കും ജീവജാലങ്ങൾക്കുമുണ്ടാകുന്ന വിപത്തും സ്നേഹവും കുടുംബ ബന്ധവും സൗഹൃദവുമെല്ലാമാണ് മികച്ച തിരക്കഥയിലൂടെയും അഭിനയത്തിലൂടെയും സഹൃദയ അരങ്ങിലെത്തിച്ചത്. മികച്ചു നിൽക്കുന്ന രണ്ട് മനോഹര ഗാനങ്ങളും നാടകത്തിലുണ്ട്.
ആദ്യം സ്വന്തം നാട്ടുകാർക്ക് മുമ്പിൽ തന്നെയാണ് നാടകം അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ചമ്രവട്ടത്തും അരങ്ങിലെത്തി. നാടകം കണ്ട പലരും ഇവരെ ബുക്ക് ചെയ്താണ് മടങ്ങുന്നത്. പ്രശസ്ത നാടകപ്രവർത്തകൻ എം.എം. പുറത്തൂർ സംവിധാനവും ആനാട്ട് കുഞ്ഞുമോൻ സഹസംവിധാനവും ചെയ്ത നാടകത്തിന് കഥയും തിരക്കഥയും തയാറാക്കിയതും ഗാനങ്ങൾ രചിച്ചതും ബിജേഷ് പുതുപ്പള്ളിയാണ്. രചന ബഷീർ തൃപ്രങ്ങോട്. കൃഷ്ണൻ പച്ചാട്ടിരി, ശ്രീനി ആലത്തിയൂർ എന്നിവർ ചമയത്തിന് നേതൃത്വം നൽകി. മാധ്യമപ്രവർത്തകനും തൃപ്രങ്ങോട് നിവാസിയുമായ രാഹുൽ പുത്തൂരത്തും ഭാര്യ ശാലു രാഹുലുമാണ് നായകനും നായികയുമായി രംഗത്തെത്തുന്നത്. ഇവരുടെ ഏക മകൾ ശിവാനി രാഹുലും നാടകത്തിലുണ്ട്.
പ്രധാന കഥാപാത്രങ്ങളായി രജി പിച്ചകത്തിൽ, സുദേവ് നായർ വടക്കേപ്പാട്ട്, പ്രസന്ന തൂണേരി, സുജിത് തൃപ്രങ്ങോട്, വൈശാഖ് തൃപ്രങ്ങോട്, മനോജ് ചക്കാലയ്ക്കൽ, ഷൈജു വട്ടപ്പറമ്പിൽ, ആതിര നന്ദൻ, അഭിനവ് രാജ് പാണാട്ട്, വൈഗ ബിജു, അതുല്യ ശ്രീനി, ആദർശ് ശ്രീനി, പി.വി. മഹേഷ്, ആദിത്യ രാജ് പാണാട്ട് എന്നിവരാണ് അരങ്ങിലെത്തിയത്. സുദേവ് കൽപുഴ, ഗണേശ് പണിക്കർ തൃപ്രങ്ങോട്, ആതിര നന്ദൻ എന്നിവരുടേതാണ് പാട്ടുകൾ. സുജിത് നീലാംബരി, ജിജോ മനോഹർ എന്നിവർ സംഗീതം നിർവഹിച്ചു.
ജിജിൻ തൃപ്രങ്ങോടും രാജേന്ദ്രകുമാർ പാണാട്ടും അണിയറയിലുണ്ട്. തിരുമംഗലത്ത് കുട്ടൻ മൂസതാണ് സമിതിയുടെ മാനേജർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.