മലപ്പുറം: ജില്ല ആസ്ഥാനത്തെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാർക്ക് ആശ്വസിക്കാം. കോവിഡ് അനുബന്ധ രോഗ ചികിത്സക്ക് ലക്ഷങ്ങൾ ചെലവാകുന്ന കാലത്ത് അത്യാധുനിക സൗകര്യങ്ങളോടെ തീവ്രപരിചരണ വിഭാഗം ഒരുക്കിയിരിക്കുകയാണ് മലപ്പുറത്തെ സർക്കാർ ആതുരാലയത്തിൽ. കോട്ടപ്പടിയിലെ ഗവ. താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യും ഏതാനും ദിവസങ്ങൾക്കകം പ്രവർത്തനം തുടങ്ങും. വെൻറിലേറ്ററോട് കൂടിയ പത്ത് ഐ.സി.യു കിടക്കകളും അഞ്ച് ഹൈ ഡിപ്പൻഡൻസി യൂനിറ്റ് (എച്ച്.ഡി.യു) ബെഡുകളും ഇവിടെയുണ്ടാവും.
ആസ്ഥാന നഗരിയിലെ സർക്കാർ ആതുരാലയമായിട്ടും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 24 മണിക്കൂർ ചികിത്സ സൗകര്യം താലൂക്ക് ആശുപത്രിയിലില്ലായിരുന്നു. ശസ്ത്രക്രിയാനന്തര ഐ.സി.യു മാത്രമാണുള്ളത്. വെൻറിലേറ്ററോട് കൂടിയ ഐ.സി.യു വരുന്നതോടെ ഭാവിയിൽ കോവിഡേതര ചികിത്സക്കും ഇത് ഉപയോഗപ്പെടുത്താനാവും. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിൽ കാഷ്വാലിറ്റിയോട് ചേർന്നാണ് ഐ.സി.യു വാർഡ് സ്ഥാപിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് രണ്ട് കോവിഡ് വാർഡുകളും ആരംഭിച്ചു. ഓരോന്നിലും 50 വീതം കിടക്കകളുണ്ട്. ഇതിൽ 25 എണ്ണം വീതം ഓക്സിജൻ ബെഡുകളാണ്. വെൻറിലേറ്റർ ഐ.സി.യു കൂടി യാഥാർഥ്യമാവുന്നതോടെ സമ്പൂർണ കോവിഡ് ചികിത്സാകേന്ദ്രമാവുകയാണ് താലൂക്ക് ആശുപത്രി.
ആരോഗ്യകേരള മിഷൻ വഴി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് ലഭിച്ച 1.10 കോടി രൂപ വിനിയോഗിച്ചാണ് ഐ.സി.യു ഒരുക്കിയത്. ദേശീയ ആരോഗ്യ മിഷെൻറ 10 ലക്ഷം ഓക്സിജൻ അനുബന്ധ സംവിധാനങ്ങൾ സ്ഥാപിക്കാനും ഉപയോഗപ്പെടുത്തി. 15 സ്റ്റാഫ് നഴ്സുകൾ ഉൾപ്പെടെയുള്ള ജീവനക്കാർ ഇവിടേക്ക് ആവശ്യമുണ്ട്. ഇതിന് ജില്ല മെഡിക്കൽ ഓഫിസർക്കും ദേശീയ ആരോഗ്യ മിഷനും അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ഐ.സി.യു വാർഡിൽ കർട്ടൻ സ്ഥാപിക്കൽ തുടങ്ങിയ ചെറിയ പ്രവൃത്തികൾ മാത്രമാണ് ബാക്കി. മലപ്പുറം നഗരസഭ സെക്രട്ടറിയാണ് നിർവഹണ ഉദ്യോഗസ്ഥൻ. വെൻറിലേറ്ററോട് കൂടിയ പത്ത് ഐ.സി.യു കിടക്കകൾ താലൂക്ക് ആശുപത്രികളിൽ അപൂർവമായേ ഉള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.