പൊന്നാനി: പൊന്നാനിയിൽ ചീഞ്ഞു നാറിയ കടൽ തീരത്തെ ഇടങ്ങൾ മാലിന്യ മുക്തമാകും. പൊന്നാനി ഹാർബർ പരിസരം, അഴീക്കൽ ബീച്ച് എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് ബദൽ സംവിധാനമൊരുക്കാൻ തീരുമാനമായി.
മാലിന്യമുക്ത നവകേരളം കർമ പദ്ധതിയുടെ ഭാഗമായി പൊതു ഇടങ്ങളിൽ ജൈവ മാലിന്യം ഉൾപ്പെടെയുള്ളവ വലിച്ചെറിയുന്ന ദുരവസ്ഥക്ക് പരിഹാരം കാണാനുള്ള ബദൽ സംവിധാനമാണ് ഒരുക്കുക.
ഹാർബർ, ഫിഷറീസ്, പോർട്ട്, നഗരസഭ എന്നീ വകുപ്പുകയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടപ്പാക്കാൻ ഒരുങ്ങുന്നത്.
വലിച്ചെറിയൽ വിരുദ്ധ വാരാചരണ പരിപാടിയുടെ ഭാഗമായി മാലിന്യ കൂമ്പാരമായി മാറിയ ഹാർബർ റോഡിലെ അഴുകിയ മാലിന്യം ഉടൻ നീക്കം ചെയ്യാൻ ദ്രുതകർമ പരിപാടിക്കാണ് നഗരസഭ ഒരുങ്ങുന്നത്.
ഇതനുസരിച്ച് മത്സ്യത്തൊഴിലാളികൾക്കായുള്ള പുനർ ഗേഹം ഫ്ലാറ്റ് സമുച്ചയം അന്തേവാസികളിൽനിന്ന് നേരിട്ട് മാലിന്യം സ്വീകരിക്കുന്നതിനും സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യും.
മാലിന്യം വലിച്ചെറിയുന്ന പ്രവണത കുറച്ചു കൊണ്ടുവരികയും, വീടുകളിൽ സംസ്കരണ ഉപാധികൾ ഉറപ്പു വരുത്തി ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്കരണം സാധ്യമാക്കുകയും ചെയ്യും. അതോടൊപ്പം, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് നടപ്പാക്കുന്ന സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് പ്രാവർത്തികമാക്കും.പറ്റാവുന്ന ഇടങ്ങളിൽ തുമ്പൂർമുഴി മോഡൽ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കാനും തുടർന്ന് പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീന സുദേശൻ, ഹാർബർ എക്സി എൻജിനീയർ രാജേഷ്, അസി. എൻജിനീയർ ജോസഫ് ജോൺ, നഗരസഭ സെക്രട്ടറി സജിറൂൺ, ഫിഷറീസ് അസിസ്റ്ററ്റ് ഡയറക്ടർ ടി.കെ. രജീഷ്, പോർട്ട് പ്രതിനിധി സുധീർ, ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ, കേരള മാലിന്യ പരിപാലന പ്രോജക്ട് എൻജിനീയർ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.