മഞ്ചേരി: ജനറൽ ആശുപത്രിക്ക് താൽക്കാലിക ഒ.പി ആരംഭിക്കാനായി നഗരസഭക്ക് കീഴിലുള്ള ടൗൺഹാൾ വിട്ടുനൽകാൻ തീരുമാനം. തിങ്കളാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.
ഒ.പി ആരംഭിക്കാൻ സൗകര്യപ്രദമായ മുനിസിപ്പാലിറ്റി കെട്ടിടങ്ങൾ നിലവിൽ ലഭ്യമാണോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ല മെഡിക്കൽ ഓഫിസർ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭ നേരത്തെയും കത്ത് നൽകിയിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽനിന്ന് അനുകൂല നടപടിയുണ്ടായില്ല. ജനറൽ ആശുപത്രി മഞ്ചേരിയിൽ നിലനിർത്താൻ രാഷ്ട്രീയം മറന്ന് ഒരുമിച്ച് നിൽക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
മെഡിക്കൽ കോളജ് ആശുപത്രി വികസനത്തിനായി എച്ച്.ഡി.എസ് ഉപസമിതി വേട്ടേക്കോട് കണ്ടെത്തിയ 50 ഏക്കർ ഭൂമി ഏറ്റെടുത്ത് ആശുപത്രി അങ്ങോട്ട് മാറ്റി സ്ഥാപിക്കണമെന്നും ജനറൽ ആശുപത്രി നിലവിലെ സ്ഥലത്ത് നിലനിർത്താനായി സർക്കാറിലേക്കും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്കും കത്ത് നൽകാനും യോഗം തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ബുധനാഴ്ച എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെത്തി ആരോഗ്യ മന്ത്രിയെ കാണുമെന്ന് ചെയർപേഴ്സൻ വി.എം. സുബൈദ യോഗത്തിൽ അറിയിച്ചു.
സി.പി.എമ്മിന്റെയും ഇടത് കൗൺസിലർമാരുടെയും പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് മരുന്നൻ സാജിദ് ബാബു പറഞ്ഞു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, അഡ്വ. ബീന ജോസഫ്, മരുന്നൻ മുഹമ്മദ്, അഷ്റഫ് കാക്കേങ്ങൽ, ഹുസൈൻ മേച്ചേരി, എ.വി. സുലൈമാൻ, അഡ്വ. പ്രേമ രാജീവ്, സി.പി. അബ്ദുൽകരീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.