പൊന്നാനി: പ്രതിഷേധങ്ങൾ ശക്തമായിട്ടും ജൽ ജീവൻ കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിക്കൽ തുടർന്ന് ഉദ്യോഗസ്ഥരും കരാറുകാരും. വാഹന തിരക്കേറിയ സ്ഥലങ്ങളിൽ പോലും കുഴിയെടുക്കുന്നത് അപകടങ്ങൾക്കിടയാക്കുകയാണ്.
രാത്രി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർമിക്കുന്ന കുഴികളിൽ മണൽ മാത്രം നിറച്ച് മൂടുന്നത് വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
പൊന്നാനി ചമ്രവട്ടം ജങ്ഷൻ മുതൽ കുണ്ടുകടവ് ജങ്ഷൻ വരെയുള്ള സംസ്ഥാന പാതയിലാണ് ഇപ്പോൾ കുഴിയെടുക്കൽ പ്രവൃത്തി പുരോഗമിക്കുന്നത്. തിരക്കേറിയ റോഡായതിനാൽ മറ്റു വാഹനങ്ങൾക്ക് അരിക് കൊടുക്കുമ്പോൾ മണൽ മൂടിയ കുഴിയിലേക്ക് തെന്നിവീണ് അപകടം സംഭവിക്കുന്നത് പതിവാണ്.
കഴിഞ്ഞദിവസം ഇത്തരത്തിൽ ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ കുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൂടാതെ പൊടിശല്യം മൂലം സമീപത്തെ കച്ചവട സ്ഥാപനങ്ങളും ദുരിതത്തിലാണ്. കടകളിൽ മാസ്ക് ധരിച്ച് ഇരിക്കേണ്ട സ്ഥിതിയിലാണ് കച്ചവടക്കാർ. കടകളിലെ സാധനങ്ങൾ പൊടിപിടിച്ച് നശിക്കുന്നുമുണ്ട്. കുഴിയെടുക്കുന്ന ഭാഗങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തുമെന്നാണ് വാട്ടർ അതോറിറ്റിയും കരാറുകാരും പറയുന്നതെങ്കിലും ഇതെല്ലാം പാഴ് വാക്കാകുന്നതോടെ ദുരിതം പേറുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.