പെരിന്തൽമണ്ണ: യുദ്ധസമാനമായ സജ്ജീകരണങ്ങളോടെ ജില്ലയിലെ 16 നിയമസഭ മണ്ഡലങ്ങളിലെയും മലപ്പുറം പാർലമെൻറ് മണ്ഡലത്തിലെയും വോട്ടെണ്ണലിന് ഒരുക്കമായി. കോവിഡ് ഭീതിയിൽ രോഗവ്യാപന ഭീഷണിക്ക് പരിഹാരമായി സ്കൂൾ മൈതാനങ്ങളിൽ വിശാലമായ പന്തലുകൾ കെട്ടിയാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് വോട്ടെണ്ണലിന് സജ്ജീകരിച്ചത്. രണ്ടുതവണ വാക്സിനെടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂർ മുമ്പെങ്കിലും ലഭിച്ച കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവർക്കേ നിബന്ധനകളോടെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. ഞായറാഴ്ച രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകൾ എണ്ണും. 8.30ന് ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങർ എണ്ണിത്തുടങ്ങുമെന്നും ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ, പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്. അഞ്ജു എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
54,830 പോസ്റ്റൽ ബാലറ്റാണ് 16 മണ്ഡലങ്ങളിലുള്ളത്. ഇതിൽ 80 വയസ്സ് കഴിഞ്ഞവരുടെ 22,440 വോട്ടുണ്ട്. 80 കഴിഞ്ഞവരുടെ തപാൽ വോട്ട് താനൂരിൽ 935, തിരൂരങ്ങാടി 956 എന്നിവയാണ് കുറവ്. വള്ളിക്കുന്ന് 1656, മങ്കട 1655, മലപ്പുറം 1604 എന്നിവയാണ് കൂടുതൽ. ശരാശരി ഒരു മണ്ഡലത്തിൽ നാല് ഹാളുകളിൽ 56 ടേബ്ളുകളിൽ ഒരേ സമയം വോട്ടെണ്ണുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. അകെ വോട്ടുയന്ത്രങ്ങൾക്ക് 556 ടേബ്ളും തപാൽ വോട്ടെണ്ണാൻ 160 ടേബ്ളുകളുമുണ്ട്. പോസ്റ്റൽ വോട്ടിൽ കുറവ് തിരൂരങ്ങാടിയാണ്, 2238.
നിലമ്പൂർ -4290, മങ്കട -4223 എന്നിവയാണ് കൂടുതൽ. ജില്ലയിൽ 16 നിയമസഭ മണ്ഡലങ്ങളിലേക്ക് 111 സ്ഥാനാർഥികളാണ്. താനൂരും തിരൂരും തവനൂരുമാണ് 10 സ്ഥാനാർഥികളുമായി മുന്നിൽ. നാലുപേർ വീതമുള്ള വണ്ടൂരും വള്ളിക്കുന്നുമാണ് കുറവ്. വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം ആൾക്കൂട്ടം അനുവദിക്കില്ല. മൂന്നു വിധത്തിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ. ആദ്യം കൗണ്ടിങ് ഹാൾ, സെൻട്രൽ ഹാൾ എന്നിവക്ക് പുറത്ത് ലോക്കൽ പൊലീസിെൻറ സുരക്ഷ ക്രമീകരണങ്ങളുമുണ്ടാവും.
കൊണ്ടോട്ടി ജി.വി.എച്ച്.എസ് (കൊണ്ടോട്ടി), ഗവ. കോളജ് മലപ്പുറം (ഏറനാട്, മഞ്ചേരി), മാർത്തോമാ കോളജ് ചുങ്കത്തറ (നിലമ്പൂർ, വണ്ടൂർ), ഗവ. ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി, പെരിന്തൽമണ്ണ (പെരിന്തൽമണ്ണ), ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പെരിന്തൽമണ്ണ (മങ്കട), എം.എസ്.പി, മലപ്പുറം (മലപ്പുറം), പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി (വേങ്ങര), ഗവ. എച്ച്.എസ്.എസ് തിരൂരങ്ങാടി (വള്ളിക്കുന്ന്), കെ.എം.എം.ഒ അറബിക് കോളജ്, തിരൂരങ്ങാടി (തിരൂരങ്ങാടി), എസ്.എസ്.എം പോളിടെക്നിക് (തിരൂർ, താനൂർ), ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ തിരൂർ (കോട്ടക്കൽ), കേളപ്പജി കാർഷിക കോളജ്, തവനൂർ (തവനൂർ), എ.വി.എച്ച്.എസ്.എസ് പൊന്നാനി (പൊന്നാനി), മലപ്പുറം കലക്ടറേറ്റ് കോമ്പൗണ്ട് ഹാൾ (മലപ്പുറം ലോക്സഭ പോസ്റ്റൽ ബാലറ്റ്)
14 കേന്ദ്രങ്ങളിൽ നടക്കുന്ന വോട്ടെണ്ണലിന് സുരക്ഷ ക്രമീകരണമടക്കം 6905 പേർക്കാണ് ചുമതല. വോട്ടെണ്ണലിന് അഡീഷനൽ എ.ആർ.ഒമാരായി 307 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 99 പേർ റിസർവിലാണ്. 1104 മൈക്രോ ഒബ്സർവർമാരും 1539 കൗണ്ടിങ് സൂപ്പർവൈസർമാരും 833 കൗണ്ടിങ് അസിസ്റ്റൻറുമാരുമുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്പെഷൽ പൊലീസ് അംഗങ്ങളും 766 ലോക്കൽ പൊലീസുമടക്കം 1211 പേരുണ്ടാവും.
വോട്ടെണ്ണലിന് ഏറ്റവും കുറവ് ടേബ്ൾ വണ്ടൂർ മണ്ഡലത്തിലാണ്. 336 ബൂത്തുള്ള ഈ മണ്ഡലത്തിൽ 19 ടേബ്ളുകളാണ് ഒരുക്കിയത്. ഇവിടെ നിന്നുള്ള ഫലമാണ് ജില്ലയിൽ ഏറ്റവും വൈകി അറിയാനാവുക. വണ്ടൂരിൽ 18 റൗണ്ടാണ് വോട്ടെണ്ണൽ. 279 ബൂത്തുള്ള വേങ്ങരയിൽ 56 ടേബ്ളിൽ 10 റൗണ്ട് കൊണ്ട് വോട്ടെണ്ണൽ പൂർത്തിയാവും. ജില്ലയിൽ ആദ്യഫലം പ്രഖ്യാപിക്കാനാവുക വേങ്ങരയാവും. 336 ബൂത്തുകളുള്ള വണ്ടൂരിൽ തന്നെയാണ് ഏറ്റവും കൂടുതൽ വോട്ടർമാരും. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, വേങ്ങര, മലപ്പുറം എന്നീ മണ്ഡലങ്ങളിലാണ് ഒരേസമയം 56 ടേബ്ളിൽ വോട്ടെണ്ണുക. തിരൂർ, കോട്ടക്കൽ, തിരൂരങ്ങാടി, ഏറനാട് എന്നീ മണ്ഡലങ്ങളിൽ 21 വീതവും നിലമ്പൂർ 20, വണ്ടൂർ 19, തവനൂർ 23, പൊന്നാനി 22 എന്നിങ്ങനെയാണ് ടേബ്ളുകളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.