പേരിലാണ്​ പോര്​

നരിക്കുളത്ത്​ സിദ്ദീഖ്​ vs സിദ്ദീഖ്​ ​

കുറ്റിപ്പുറം പഞ്ചായത്തിലെ നരിക്കുളം 21ാം വാർഡിൽ സിദ്ദീഖുമാർ തമ്മിലാണ് പോരാട്ടം. ഇടതുമുന്നണി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി എം.സി. സിദ്ദീഖും യു.ഡി.എഫ് സ്ഥാനാർഥിയായി കെ.ടി സിദ്ദീഖുമാണ് അങ്കത്തട്ടിലുള്ളത്​. പാചകക്കാരനായ എം.സി. സിദ്ദീഖിനിത് കന്നിയങ്കമാണ്. കർഷക കോൺഗ്രസി​െൻറ സംസ്ഥാന സെക്രട്ടറിയായ കെ.ടി. സിദ്ദീഖ് മൂന്നാം തവണയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ നടുവട്ടം ബ്ലോക്ക് ഡിവിഷനിൽവിജയിച്ചിരുന്നു.

നെല്ലിക്കുത്ത് വാര്‍ഡിലും സിദ്ദീഖുമാർ

മൂത്തേടം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ നെല്ലിക്കുത്തില്‍ ഇടത്-വലത് മുന്നണികള്‍ക്കായി മത്സരിക്കുന്നതും സിദ്ദീഖുമാരാണ്. എല്‍.ഡി.എഫിനായി ഇ.കെ. സിദ്ദീഖും യു.ഡി.എഫിനായി സി.കെ. സിദ്ദീഖുമാണ് രംഗത്തുള്ളത്. നിലവില്‍ എല്‍.ഡി.എഫി​െൻറ കൈയിലായിരുന്നു നെല്ലിക്കുത്ത് വാര്‍ഡ്. വാര്‍ഡ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് ഇ.കെ. സിദ്ദീഖിനെ (എരഞ്ഞിക്കുളവന്‍ സിദ്ദീഖ്) രംഗത്തിറക്കിയപ്പോള്‍ മുന്‍ വാര്‍ഡ്​ അംഗമായ സി.കെ. സിദ്ദീഖിനെയാണ്​ (ചേനാട്ടുകുഴിയന്‍ സിദ്ദീഖ്) യു.ഡി.എഫ് ഇറക്കിയിരിക്കുന്നത്.

തെന്നലയിൽ മജീദുമാർ

തെന്നല ഗ്രാമപഞ്ചായത്ത്​ രണ്ടാം വാർഡിൽ ഏറ്റുമുട്ടുന്നത്​ ബന്ധുക്കളും സുഹൃത്തുക്കളുമായ മജീദുമാരാണ്​. ഒരാൾ യു.ഡി.എഫ് സ്ഥാനാർഥിയും മറ്റെയാൾ ജനകീയ മുന്നണി സ്ഥാനാർഥിയുമാണ്​. ജനകീയ മുന്നണി സ്ഥാനാർഥിയായ കെ.വി. മജീദ് കഴിഞ്ഞതവണ ഒന്നാം വാർഡിൽ ജയിച്ചിരുന്നു. ഇത്തവണ ആ വാർഡ് വനിത സംവരണമായതോടെ കുറ്റിക്കാട്ടുപാറ രണ്ടാം വാർഡിലേക്ക് ഇറങ്ങിയത് സയ്യിദലി മജീദ് എന്ന പേരിലാണ്. കെ.വി. മജീദ് എന്നറിയപ്പെടുന്നത്​ വോട്ടർമാർക്ക് കൺഫ്യൂഷനാവാതിരിക്കാൻ പിതാവി​െൻറ പേര് ചേർത്ത് സയ്യിദലി മജീദ് എന്നാക്കുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.വി. മജീദ്,​ അബ്​ദുൽ മജീദ് എന്ന പേരിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്.

ഈനാദിയിൽ വീണ്ടും​ മജീദുമാർ

കാളികാവ് പഞ്ചായത്തിലെ ഈനാദി വാർഡിൽ ഇടവേളക്കുശേഷം വീണ്ടും അങ്കം കുറിച്ചിരിക്കുകയാണ്​ അയൽവാസികളായ മജീദുമാർ. യു.ഡി.എഫി​നായി കോൺഗ്രസിലെ മമ്പാടൻ അബ്​ദുൽ മജീദും ഇടത് മുന്നണിക്കുവേണ്ടി സി.പി.എമ്മിലെ വാലയിൽ അബ്​ദുൽ മജീദുമാണ്​ സ്​ഥാനാർഥികൾ. 2010ൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു. രണ്ട് വോട്ടിന് മമ്പാടൻ മജീദാണ് വിജയിച്ചത്​. ഇക്കുറി വിജയം ത​െൻറതാവുമെന്നാണ് വാലയിൽ മജീദ് പറയുന്നത്. എന്നാൽ, വിട്ട് കൊടുക്കില്ലെന്ന് മമ്പാടൻ മജീദും. 

കളിക്കൂട്ടുകാരാണ് ഹനീഫമാർ

കളിക്കൂട്ടുകാരും സുഹൃത്തുക്കളും അയൽവാസികളുമായ ഹനീഫമാർ തമ്മിലാണ് കോട്ടക്കൽ നഗരസഭ പതിനാറാം ഡിവിഷനായ പണിക്കർക്കുണ്ടിൽ മത്സരം. നിലവിൽ എൽ.ഡി.എഫ് ഡിവിഷനാണിത്. ഇടത്​ സ്വതന്ത്രനായി മത്സരിക്കുന്നത് മങ്ങാടഞ്ചേരി മുഹമ്മദ് ഹനീഫയും യു.ഡി.എഫ് സ്ഥാനാർഥിയായി മുൻ പ്രവാസി കൂടിയായ വളപ്പിൽ മുഹമ്മദ് ഹനീഫയുമാണ് ജനവിധി തേടുന്നത്. ഇരുവരുടേയും കന്നിയങ്കമാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ഇടതു സ്ഥാനാർഥി കർഷകസംഘം-പ്രവാസിസംഘം നേതാവ് കൂടിയാണ്. സൗദിയിലെ തായിഫിൽ കെ.എം.സി.സി പ്രവർത്തകനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. 

നെയ്യത്തൂർ അഷ്റഫ് vs നെയ്യത്തൂർ അഷ്​റഫ്​

ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡായ കരിപ്പോളിൽ ഒരേ പേരുകാർ മാത്രമല്ല, കുടുംബക്കാർ കൂടിയാണ്​ ഏറ്റുമുട്ടുന്നത്​. മത്സരം ശ്രദ്ധേയമാകുന്നതും ഇക്കാരണത്താലാണ്​. വള്ളിപുള്ളി വ്യത്യാസമില്ലാതെ രണ്ടുപേരും നെയ്യത്തൂർ അഷ്​റഫുമാരാണ്​. സി.പി.എം സ്ഥാനാർഥി നെയ്യത്തൂർ അഷ്റഫിനെ നേരിടുന്നത്​ വെൽഫെയർ പാർട്ടിയുടെ ബാനറിൽ മത്സരിക്കുന്ന പിതൃസഹോദര​െൻറ മകൻ അഷ്റഫ് നെയ്യത്തൂരാണ്​. ഒരാൾ ഡ്രൈവറായി ജോലിചെയ്യുന്നു​. രണ്ടാമൻ കച്ചവടക്കാരനാണ്​.

മക്കരപ്പറമ്പിലുമുണ്ട്​

അഷ്​റഫുമാർ

മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിലും ഇത്തവണ മത്സരം അഷ്​റഫുമാർ തമ്മിൽ. നിലവിൽ എൽ.ഡി.എഫ് ജയിച്ച വാർഡാണിത്.

യു.ഡി.എഫിന് വേണ്ടി തയ്യിൽ പടിഞ്ഞാറേതിൽ അഷ്​റഫും എൽ.ഡി.എഫ്​ ബാനറിൽ തയ്യിൽ കരുവാടി അഷ്​റഫുമാണ് ജനവിധി തേടുന്നത്​. കെ.എം.സി.സി പ്രവർത്തകനായ അഷ്​​റഫ്​ നാട്ടിലെത്തിയ ശേഷം പാലിയേറ്റിവ്​ രംഗത്ത്​ സജീവമാണ്​. ഓ​ട്ടോ ഡ്രൈവറായ കരുവാടി അഷ്​റഫു​ം സാമൂഹിക പ്രവർത്തന രംഗത്ത്​ സജീവമാണ്​.

ഏതുമുന്നണി ജയിച്ചാലും മുസ്​തഫ മെംബർ

അയൽവാസികളും ഉറ്റ സുഹൃത്തുക്കളുമായ മുസ്തഫമാരാണ് വെട്ടത്തൂർ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ്​ ചെരങ്ങരക്കുന്നിൽ ജനവിധി തേടുന്നത്. സി.എം. മുസ്തഫ യു.ഡി.എഫിനും പന്തലാൻ മുസ്തഫ എൽ.ഡി.എഫിനും വേണ്ടിയാണ്​ മത്സരിക്കുന്നത്​. ഏത് മുന്നണി ജയിച്ചാലും ജനപ്രതിനിധി ഒരു മുസ്തഫയാകും. സാമൂഹിക പ്രവർത്തകനായ പന്തലാൻ മുസ്തഫ മത്സരിക്കുന്നത് ആദ്യമായാണ്. ഏറെക്കാലം വിദേശത്തായിരുന്നു ജോലി. ഇപ്പോൾ നാട്ടിൽ കെട്ടിടനിർമാണ കരാറുകാരനാണ്. 2010ൽ പഞ്ചായത്ത് അംഗമായിരുന്ന സി.എം. മുസ്തഫ രണ്ടാം തവണയാണ് ജനവിധി തേടുന്നത്​. മുസ്​ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജോ. സെക്രട്ടറിയാണ്. 2005ലും 2015ലും ഭാര്യ സി.എം കദീജ ആയിരുന്നു വാർഡ് പ്രതിനിധി. 2005ൽ ഇവർ രണ്ടര വർഷം പ്രസിഡൻറുമായി.

ചെറുപുത്തൂരിൽ

അബ്​ദുറഹിമാൻ പോരാട്ടം

പുൽപറ്റ പഞ്ചായത്തിലെ 18ാം വാർഡിൽ അബ്​ദുറഹിമാൻമാരാണ്​ ഏറ്റുമുട്ടുന്നത്​. യു.ഡി.എഫിനായി പി.സി. അബ്​ദുറഹിമാനും എൽ.ഡി.എഫിനായി അബ്​ദുറഹിമാൻ കോടിത്തൊടികയുമാണ് രംഗത്തുള്ളത്. പി.സി. അബ്​ദുറഹ്​മാൻ പുൽപറ്റ പഞ്ചായത്ത്് പ്രസിഡൻറായിരുന്നു. കഴിഞ്ഞതവണ മൂന്നാം വാർഡായ പൂച്ചേങ്ങലിൽനിന്ന്​ വിജയിച്ച് വൈസ് പ്രസിഡൻറുമായി. കെ.വി. കാവ് എ.കെ.എച്ച്.എം.യു.പി സ്കൂൾ റിട്ട. അറബി അധ്യാപകനായ അബ്​ദുറഹിമാൻ കോടിത്തൊടിക, എൽ.ഡി.എഫ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ഇദ്ദേഹത്തി​െൻറ കന്നിയങ്കമാണ്​.

കുന്നക്കാവിൽ​ ഷൗക്കത്തുമാർ

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഏലംകുളം പഞ്ചായത്ത്​ കുന്നക്കാവ് ഡിവിഷനിൽ ഏറ്റുമുട്ടുന്നത്​ ഷൗക്കത്തുമാരാണ്​. മുസ്​ലിം ലീഗ്​ സ്ഥാനാർഥിയായി ചെറുകര സ്വദേശി നാലകത്ത് ഷൗക്കത്തും സി.പി.ഐ സ്വതന്ത്രനായി മണലായ ഷൗക്കത്തലി തൂളിയത്തുമാണ്​ സ്ഥാനാർഥികൾ. നാലകത്ത്​ ഷൗക്കത്ത്​ ലീഗ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി സെക്രട്ടറി, ഏലംകുളം പഞ്ചായത്ത് സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്നു. ബംഗളൂരുവിൽ വ്യാപാരിയാണ്​. സി.പി.ഐ സ്വതന്ത്രനായി മത്സരിക്കുന്ന ഷൗക്കത്ത്​ പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ കൃഷിയുമായി കഴിയുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.