തിരുനാവായ: മഴ തോരാതെ തിമിർത്തു പെയ്യുകയും കാഞ്ഞിരപ്പുഴ ഡാമും തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിന്റെ 26 ഷട്ടറുകളും തുറക്കുകയും ചെയ്തതോടെ ഭാരതപ്പുഴ കുത്തൊഴുക്കോടെ നിറഞ്ഞൊഴുകാൻ തുടങ്ങി. തീരദേശ പഞ്ചായത്തുകൾ പുഴയോര വാസികൾക്ക് ഉച്ചഭാഷിണിയിൽ ജാഗ്രത നിർദേശം നൽകി. താൽക്കാലികമായി ബന്ധു വീടുകളിലേക്ക് മാറിത്താമസിക്കണം. സഹായം ആവശ്യമുള്ളവർ 9020 700008 (പ്രസിഡന്റ്). 9496047961 (സെ ക്രട്ടറി) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.നാവാമുകുന്ദ ക്ഷേത്രത്തിൽ കർക്കടക വാവു ബലിതർപ്പണം ശനിയാഴ്ച നടക്കാനിരിക്കെ ബലിപ്പടവുകൾ പൂർണമായും മൂടിയാണ് പുഴ ഒഴുകുന്നത്. ഇതു മൂലം ബലികർമങ്ങൾക്ക് തിരക്കും താമസവും നേരിടും. പിതൃതർപ്പണത്തിന് പുഴയിൽ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വാലില്ലാ പുഴ നിറഞ്ഞൊഴുകി; തിരുത്തി, സൗത് പല്ലാർ പ്രദേശങ്ങൾ ഒറ്റപ്പെട്ടു
തിരുനാവായ: ശക്തമായ മഴയിൽ വാലില്ലാ പുഴ നിറഞ്ഞ് കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ തിരുത്തി, സൗത് പല്ലാർ റോഡുകൾ വെള്ളത്തിലായി. രണ്ട് പ്രദേശങ്ങളും ഒറ്റപ്പെട്ടു. ആശുപത്രി, പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, വില്ലേജ് ഓഫിസ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകൽ പ്രയാസത്തിലായി.
തിരൂരിലും സമീപ പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി
തിരൂർ: കനത്ത മഴയിൽ തിരൂരിലും പരിസര പ്രദേശങ്ങളിലും നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറി. റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. തിരൂർ നഗരസഭയിലെ പൊറൂർ, അന്നാര, പനമ്പാലം, ഏഴൂർ, മുത്തൂർ, കൂത്ത്പറമ്പ് ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്. ചിലയിടങ്ങളിൽ മതിൽ ഇടിഞ്ഞതും വെള്ളക്കെട്ട് രൂക്ഷമാക്കാനിടയാക്കിയിട്ടുണ്ട്. പൊറൂർ പ്രദേശത്ത് മുപ്പതോളം വീടുകളിലും മുത്തൂർ, കൂത്ത്പറമ്പ്, എം.ഇ.എസ് സ്കൂൾ പരിസരം, അന്നാര, പൂങ്ങോട്ടുകുളം ഖയാം തിയറ്റർ പരിസരം, പനമ്പാലം ഉൾപ്പെടെ നിരവധി വീടുകളിലും വെള്ളം കയറി.
നഗരസഭ പരിധിയിൽ ഏഴൂർ എം.ഡി.യു.പി സ്കൂൾ, തിരൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, പൊറൂർ സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പൊറൂർ സ്കൂളിൽ കുട്ടികൾ ഉൾപ്പെടെ 50 പേരും എഴൂരിലെ ദുരിതാശ്വാസ ക്യാമ്പിൽ നാൽപതോളം പേരും തിരൂർ ബോയ്സ് സ്കൂളിൽ 15 കുടുംബങ്ങളുമാണ് അഭയം തേടിയിട്ടുള്ളത്. മിക്ക പ്രദേശങ്ങളിലെയും ദുരിത ബാധിതർ കുടുംബ വീടുകളിലേക്ക് മാറിയിട്ടുണ്ട്.
മംഗലം പഞ്ചായത്തിലെ പുറത്തറ പട്ടികജാതി നഗർ, വാളമരുതൂർ, വൈലിപ്പാടം, കൂട്ടായി ഒന്നാം വാർഡ്, ചേന്നര അങ്ങാടി, എൻ.ഒ.സി പടി, ചേന്നര പരുത്തി പാലം, കൊളപ്പാടി, ചെറുപുന്ന ക്ഷേത്രത്തിന് സമീപം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂട്ടായി എം.എം.എം എച്ച്.എസിലും ചേന്നര വി.വി.യു.പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. ചേന്നര വി.വി.യു.പി സ്കൂളിലെ ക്യാമ്പിൽ 13 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
പുറത്തൂർ പഞ്ചായത്തിലെ പടിഞ്ഞാറെക്കര, മരവന്ത, കളൂർ, പുതുപ്പള്ളി നമ്പ്രം, എടക്കനാട്, കരീരപാലം തുടങ്ങിയ പ്രദേശങ്ങളിലും കാവിലക്കാട് പള്ളി മുതൽ ഹാജിപടി വരെയും അത്താണിപ്പടി-പാലക്കൽ ജുമാമസ്ജിദ് റോഡുകൾ ഉൾപ്പെടെ മറ്റു താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പുറത്തൂർ-കാവിലക്കാട് റോഡിന് കുറുകെയുള്ള തോടിന് കരീലപാലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചീർപ്പിന്റെ നിർമാണത്തിലെ അശാസ്ത്രീയത മൂലം വെള്ളം കുറഞ്ഞതോതിലേ തിരൂർ-പൊന്നാനി പുഴയിലേക്ക് ഒഴുകിപ്പോകുന്നുള്ളൂ. ഇത് പ്രദേശത്ത് ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ട് വീടുകളിലേക്ക് വെള്ളം കയറാനിടയാക്കി. പടിഞ്ഞാറെക്കര ജി.എം.യു.പി സ്കൂളിലും പുറത്തൂർ ജി.യു.പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. പടിഞ്ഞാറെക്കരയിലെ ക്യാമ്പിൽ ആറു കുടുംബങ്ങളെയും പുറത്തൂരിൽ മൂന്ന് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെട്ടം പഞ്ചായത്തിൽ വാക്കാട്, പടിയം ഭാഗങ്ങളിലാണ് മഴക്കെടുതി രൂക്ഷം. രണ്ട് വീടുകളിൽ പൂർണമായും 10 വീടുകളിൽ ഭാഗികമായും വെള്ളം കയറിയിട്ടുണ്ട്.
തലക്കാട് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളെയും മഴക്കെടുതി ബാധിച്ചു. പാറശ്ശേരി, മുട്ടിക്കൽ, കാഞ്ഞിരക്കോൽ എന്നിവിടങ്ങളിലെ റോഡുകളിലും വീടുകളിലുമാണ് വെള്ളം കയറിയത്. കോട്ടത്തറ ജി.യു.പി. സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
റേഷൻ കടയിൽ വെള്ളം കയറി
തിരൂർ: കനത്ത മഴയിൽ പൂക്കൈത ഷെരീഫിന്റെ 262-ാം നമ്പർ റേഷൻ കടയിൽ വെള്ളം കയറി. 25 ചാക്കിലധികം റേഷൻ സാധനങ്ങൾ വെള്ളത്തിൽ മുങ്ങി. ഇതേതുടർന്ന് റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ബാക്കിയുള്ള അരി, ഗോതമ്പ്, പച്ചരി, ആട്ട മുതലായവ ഗോഡൗണിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.