തിരുനാവായ: റോഡിൽ നിർത്തിയിടുന്നെന്ന പരാതിയെ തുടർന്ന് തിരുനാവായ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിലെ 108 ആംബുലൻസ് പിൻവലിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ജില്ല നോഡൽ ഓഫിസറിൽനിന്ന് അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് സർക്കാർ ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലേക്ക് അനുവദിച്ച 18 ആംബുലൻസുകളിലൊന്ന് തിരുനാവായ കുടുംബാരോഗ്യ കേന്ദ്രത്തിനും നൽകിയത്.
ആരോഗ്യവകുപ്പിന് കീഴിൽ തിരുവനന്തപുരം ടെക്നോ പാർക്കിൽ പ്രവർത്തിക്കുന്ന കേരള എമർജൻസി മെഡിക്കൽ പ്രോജക്ട് ലിമിറ്റഡിെൻറ കൺട്രോൾ റൂമിലേക്ക് ഫോണിൽ വിളിച്ചാണ് പരാതി അറിയിച്ചിട്ടുള്ളത്. തിരുനാവായയിലെയും സമീപ പഞ്ചായത്തുകളിലെയും കോവിഡ് രോഗികൾക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ വാഹനം. വാക്സിനേഷനും ആൻറിജൻ ടെസ്റ്റുമായും ബന്ധപ്പെട്ട് ഹോസ്പിറ്റലിൽ തിരക്കുള്ള സമയങ്ങളിൽ അടുത്തുള്ള കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രത്തിന് സമീപം ആംബുലൻസ് നിർത്താറുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പഞ്ചായത്തിലോ മെഡിക്കൽ ഓഫിസർക്കോ പരാതി നൽകാതെ നേരിട്ട് പരാതി നൽകിയത് ദുരൂഹമാണെന്ന് അധികൃതർ പറയുന്നു. അന്വേഷണം തീരുന്നതുവരെ അടുത്ത പത്തുദിവസം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് ആംബുലൻസ് പിൻവലിക്കും. താൽക്കാലികമായെങ്കിലും ആംബുലൻസ് നഷ്ടമാവുന്നതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇവരെ കണ്ടെത്താൻ ഗ്രാമപഞ്ചായത്ത് നടപടി ആരംഭിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നല്ലനിലയിൽ നടക്കുന്ന പഞ്ചായത്താണ് തിരുനാവായ. പഞ്ചായത്തും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒത്തുപിടിച്ചതോടെ ഇപ്പോൾ ജില്ലയിൽ തന്നെ രോഗ സ്ഥിരീകരണ നിരക്ക് ഏറ്റവും കുറഞ്ഞ പഞ്ചായത്തുകളിലൊന്നാണ്. ഈ നേട്ടങ്ങളെ തകർക്കാനും പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാക്കാനുമുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൊട്ടാരത്ത് സുഹ്റാബി, വൈസ് പ്രസിഡൻറ് കുന്നത്ത് മുസ്തഫ, സ്ഥിരസമിതി ചെയർമാൻ ആയപ്പള്ളി നാസർ, അംഗം ഹാരിസ് പറമ്പിൽ, മെഡിക്കൽ ഓഫിസർ ഡോ. സലീം ഇസ്മായിൽ എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.