തിരുനാവായ: തീർഥാടകരെ ലഭിക്കാത്തതിനാൽ നിളയിൽ ഡി.ടി.പി.സി ഏർപ്പെടുത്തിയ തീർഥാടകത്തോണി അഞ്ചുമാസത്തിലധികമായി കരയിൽത്തന്നെ. കോവിഡ് മൂലം നാവാമുകുന്ദ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം വിലക്കിയതോടെയാണ് കഴിഞ്ഞ മാർച്ച് പാതിയോടെ തോണി കരയിൽ കയറിയത്.
നാവാമുകുന്ദ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ മുമ്പ് നിളയുടെ തെക്കെക്കരയിലുള്ള ബ്രഹ്മ-ശിവക്ഷേത്രങ്ങൾ നോക്കി തൊഴാറായിരുന്നു പതിവ്.
ഈ പതിവ് മാറ്റി അവിടെ നേരിട്ടെത്തി ദർശനവും വഴിപാടുകളും നടത്തുന്നതിനുള്ള സൗകര്യാർഥമാണ് അഞ്ചു വർഷം മുമ്പ് ഡി.ടി.പി.സി നിളയിൽ തീർഥാടകത്തോണി ഏർപ്പെടുത്തിയത്. ഇത് വിശ്വാസികൾക്ക് വളരെ അനുഗ്രഹമായതോടെ നിരവധിപേർ ദിനംപ്രതി ഈ സൗകര്യം പ്രയോജനപ്പെടുത്തി.
തിരുനാവായ മേഖലയിലുണ്ടായ പ്രളയത്തിൽ വീടുകൾ വെള്ളത്തിലായപ്പോൾ കുടുംബങ്ങളെ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാൻ മുഖ്യപങ്കുവഹിച്ചതും മുങ്ങൽ വിദഗ്ധൻ പാറലകത്ത് യാഹുട്ടി നയിക്കുന്ന ഈ തീർഥാടക തോണിയാണ്.
വേനൽക്കാലത്ത് മാമാങ്ക സ്മാരകങ്ങൾ കാണാനെത്തുന്ന വിദ്യാർഥികളും അധ്യാപകരും നിളയിൽ ഉല്ലാസയാത്രക്കും ഈ തോണി ഉപയോഗിക്കാറുണ്ട്. മലവെള്ളത്തിൽ പുഴ മധ്യത്തിലെ തുരുത്തുകളിൽ കുടുങ്ങുന്ന നാൽക്കാലികളെ രക്ഷിക്കാനും തീർഥാടകത്തോണി വിളിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.