തിരുനാവായ: മൂന്നു വർഷം മുമ്പ് സംസ്ഥാന സർക്കാർ അനുവദിച്ച സ്മാർട്ട് കൃഷിഭവൻ സ്ഥാപിക്കുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തർക്കം തുടർന്നാൽ കൃഷിഭവൻ തിരുനാവായക്ക് നഷ്ടപ്പെടാൻ സാധ്യത. പഞ്ചായത്തിന്റെ അധീനതയിലുള്ള ശാന്തി ടൂറിസ്റ്റ് ഹോമിനു പിറകിലാണ് കൃഷിഭവൻ സ്ഥാപിക്കാൻ ആദ്യം തീരുമാനിച്ചത്. മണ്ണ് പരിശോധനയിൽ ആ സ്ഥലം അനുയോജ്യമല്ലെന്നു കണ്ടതിനെ തുടർന്ന് ചീർപ്പും കുണ്ട് പരിസരത്തേക്കു മാറ്റുകയായിരുന്നു. മണ്ണ് പരിശോധനയിൽ അവിടെയും അനുയോജ്യമല്ലെന്നു കണ്ടതിനാലാണ് പഞ്ചായത്ത് ബോർഡിലെ എല്ലാവരുടെയും അഭിപ്രായം മാനിച്ച് പട്ടർനടക്കാവ് മിനിസ്റ്റേഡിയത്തിന്റെ ഒരു വശത്തേക്ക് മാറ്റാൻ തീരുമാനമായത്.
70 ലക്ഷം രൂപയാണ് ഇതിനായി കൃഷി വകുപ്പ് അനുവദിച്ചിരിക്കുന്നത്. മാർച്ചിന് മുമ്പ് തറക്കല്ലിട്ട് പണി തുടങ്ങിയില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടും. 70 ലക്ഷത്തിന്റെ കൂടെ 25 ലക്ഷം കൂടി കിട്ടിയാലേ പണി പൂർത്തിയാക്കാൻ കഴിയൂ. ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത്, എം.എൽ.എ ഫണ്ടുകൾ കിട്ടാൻ സാധ്യതയുണ്ടെങ്കിലും കൃഷി വകുപ്പ് അനുവദിച്ച ഫണ്ടിന്റെ കൂടെ മറ്റൊരു ഫണ്ടും ചേർക്കാൻ പാടില്ലെന്ന സാങ്കേതിക പ്രശ്നമാണ് പഞ്ചായത്ത് അധികൃതരെ വലക്കുന്നത്. ഈ സാഹചര്യത്തിൽ കൃഷി വകുപ്പ് തന്നെ ഫണ്ട് കൂട്ടുകയോ അല്ലെങ്കിൽ മറ്റു ഫണ്ടുകൾ സ്വീകരിക്കാൻ പാടില്ലെന്ന സാങ്കേതികത്വം മാറ്റുകയോ ചെയ്തില്ലെങ്കിൽ കെട്ടിട നിർമാണം നടക്കാതെ പോകും.
മൂന്നു സ്ഥലം കാണിച്ചിട്ടും നടക്കാത്ത സാഹചര്യത്തിൽ നാലാമതൊരു സ്ഥലം നിർദേശിച്ചാലും കൃഷി വകുപ്പ് അനുകൂലിക്കണമെന്നില്ല. ഈ സാഹചര്യത്തിൽ വില്ലേജ് ഓഫിസ് കോമ്പൗണ്ടിലെ സ്ഥലം വിട്ടുകിട്ടിയാൽ പഞ്ചായത്തിലെ എല്ലാ ഓഫിസുകളൂം അങ്ങോട്ടു മാറ്റാനാകും. അതിനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. മാർച്ചിനു മുമ്പ് ഇതും നടന്നില്ലെങ്കിൽ തിരുനാവായക്ക് സ്മാർട്ട് കൃഷി ഭവൻ സ്വപ്നമായി അവശേഷിക്കും. ഇതിനിടയിൽ മിനി സ്റ്റേഡിയത്തിന്റെ സ്ഥലം അപഹരിച്ച് കൃഷിഭവൻ സ്ഥാപിക്കുന്നതിനെതിരെ അവിടെയും മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.