തവനൂർ (മലപ്പുറം): ഈ വർഷത്തെ തിരുന്നാവായ സർവോദയ മേള കോവിഡ് മാനദണ്ഡമനുസരിച്ച് വെള്ളി, ശനി ദിവസങ്ങളിൽ നടക്കുമെന്ന് സർവോദയ മേള സ്വാഗതസംഘം വർക്കിങ് ചെയർമാൻ സി. ഹരിദാസ് പറഞ്ഞു. മഹാത്മജിയുടെ ചിതാഭസ്മ സ്മരണയിൽ കേരള ഗാന്ധി കെ. കേളപ്പൻ തുടക്കംകുറിച്ച സർവോദയ മേള മുടങ്ങാൻ ഇടവരരുതെന്ന് ആഗ്രഹമുള്ള നാട്ടുകാർക്ക് സർവോദയ മണ്ഡലം സംസ്ഥാന കമ്മിറ്റിയും അഖിലേന്ത്യ കമ്മിറ്റിയും തമ്മിലുള്ള തർക്കത്തിൽ പങ്കാളികളാവാനാവില്ല.
കഴിഞ്ഞ ഏതാനും വർഷങ്ങളായി മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു ചെയർമാനായ കമ്മിറ്റിയാണ് സർവോദയ മേള നടത്തുന്നത്. ഈ വർഷവും ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിെൻറ നേതൃത്വത്തിൽ തന്നെയായിരിക്കും മേള നടക്കുക. ഗ്രൂപ്പിസത്തിെൻറ പേരിൽ കലഹിക്കാനല്ല ഗാന്ധിയന്മാർ ശ്രമിക്കേണ്ടത്. സംസ്ഥാന നേതൃത്വവും അഖിലേന്ത്യ കമ്മിറ്റിയിലെ ഒരു വിഭാഗവും തമ്മിലുള്ള ഉൾപ്പോരിൽ പങ്കാളികളാകാൻ നാട്ടുകാർക്കാവില്ല.
തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സർവോദയ മേള നടത്തുക എന്ന കീഴ്വഴക്കം ഈ വർഷവും തുടരും. വെള്ളിയാഴ്ച വൈകീട്ട് 6.30ന് മേളക്ക് തുടക്കം കുറിക്കുമെന്നും സി. ഹരിദാസ് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ഒന്നടങ്കം ചേർന്ന് തിരഞ്ഞെടുത്ത സർവോദയ മണ്ഡലം പ്രസിഡന്റായി നീണ്ട വർഷങ്ങളായി തുടരുന്ന ഡോ. ജോസ് മാത്യുവിന് എല്ലാ പിന്തുണയും നൽകുമെന്ന് സർവോദയ മിത്ര മണ്ഡലം ജില്ല പ്രസിഡന്റ് മുളക്കൽ മുഹമ്മദലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട് എന്നിവർ പറഞ്ഞു.
അഖിലേന്ത്യ - സംസ്ഥാന കമ്മിറ്റികൾ തമ്മിലുള്ള ഗ്രൂപ്പിസം സർവോദയ മേളയെ ബാധിക്കില്ലെന്നും, മേള കമ്മിറ്റി തീരുമാനിച്ച പ്രകാരം മുന്നോട്ടു പോകുമെന്നും പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ കൂടിയായ അവർ പറഞ്ഞു.
തിരുനാവായ: 74-ാമത് സർവോദയ മേളയുടെ ഭാഗമായ ചരിത്ര പ്രസിദ്ധമായ ശാന്തിയാത്ര ശനിയാഴ്ച നടക്കും. 1948 ഫെബ്രുവരി 12ന് മഹാത്മജിയുടെ ചിതാഭസ്മം നിളയിൽ ഒഴുക്കിയതു മുതൽ എല്ലാ വർഷവും മുടങ്ങാതെ നടക്കുന്നതാണ് ശാന്തിയാത്ര. തുടക്കത്തിൽ കെ. കേളപ്പൻ, പ്രഫ. എം.പി. മന്മഥൻ, ടി.എം. വാസുദേവൻ നമ്പൂതിരി, കരുമാഞ്ചേരി മാധവൻ, അനന്തൻ കണ്ണൂർ, എസ്.എൻ. മേക്കാട്, രാഘവ്ജി, തിരുവത്ര ദാമോദരൻ, സി.എം.പി. നായർ തുടങ്ങിയ ഗാന്ധിയന്മാരാണ് ശാന്തിയാത്ര നയിച്ചിരുന്നത്.
12ന് കാലത്ത് തവനൂർ കേളപ്പജി സ്തൂപത്തിൽ പുഷ്പാർച്ചനക്കും സർവമത പ്രാർഥനക്കും ശേഷം നിളയുടെ വടക്കെക്കരയിൽ എത്തുന്ന ശാന്തിയാത്രയിൽ സംസ്ഥാനത്തിെൻറ നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന ആയിരങ്ങളാണ് അണിനിരന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങളും മറ്റുമായി സർവോദയ മേള ഏതാനും വർഷമായി ശോഷിച്ചെങ്കിലും ഗാന്ധിമാർഗ പ്രവർത്തകരും മിത്രങ്ങളും നാട്ടുകാരുമടക്കം ഇപ്പോഴും ഒരാണ്ടറുതി പോലെ ശാന്തിയാത്രക്കെത്താറുണ്ട്.
നിളയുടെ വടക്കേക്കരയിലെ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും സർവമത പ്രാർഥനയും നടത്തിയാണ് ഓരോ വർഷവും ശാന്തിയാത്ര സമാപിക്കുക. തുടർന്ന് ഗാന്ധി സ്മൃതി സദസ്സ് നടക്കും. ശാന്തിയാത്ര കടന്നു വരുന്നതിനായി പൊതുമരാമത്ത് വകുപ്പ് 1957 മുതൽ നിളയിൽ കവുങ്ങും മുളയും മരപ്പലകയും ഉപയോഗിച്ച് നടപ്പാലം ഒരുക്കിയിരുന്നു. ഇപ്പോൾ തോണിയാണ് ഉപയോഗിക്കുന്നത്. ഏതാനും വർഷമായി മുങ്ങൽ വിദഗ്ധൻകൂടിയായ പാറലകത്ത് യാഹുട്ടിയാണ് തോണിയാത്രക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.