തിരുനാവായ: നിത്യവും ആയിരങ്ങൾ വന്നുപോകുന്ന തിരുനാവായ ടൗണിൽ വാഹനത്തിരക്കുമൂലം ജനം പൊറുതിമുട്ടുന്നതിനാൽ കൈവരിയോട് കൂടിയ ഫൂട്പാത്തുകൾ നിർമിക്കണമെന്ന ആവശ്യം ശക്തമായി. ജങ്ഷൻ മുതൽ കടവ് വരെയും താഴത്തറ വരെയും കൈവരി വേണമെന്നാണ് ആവശ്യം.
ഗ്രാമപഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, സപ്ലൈകോ മാവേലി സ്റ്റോർ, ബാങ്കുകൾ, നാവാമുകുന്ദ ക്ഷേത്രം, ഗാന്ധി സ്മാരകം, കടവ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ഇവിടെ കാൽനടയായി എത്തുന്നത്.
ദിനംപ്രതി 3000ഓളം പേർ നാവാമുകുന്ദ ക്ഷേത്രത്തിൽ തന്നെയെത്തുന്നുണ്ട്. മൂന്ന് ഹൈസ്കൂളുകളിലേക്ക് നടന്നുപോകുന്ന വിദ്യാർഥികൾ വേറെയും. ചില ദിവസങ്ങളിൽ ഇവിടെ വലിയ തിരക്കാണനുഭവപ്പെടുന്നത്. ചില ഭാഗങ്ങളിൽ റോഡിന്റെ ഇരു വശത്തും പുല്ല് വളർന്നതും പലപ്പോഴും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.
ഇത് അപകട സാധ്യത വർധിപ്പിക്കുകയാണ്. മുതിർന്നവരും സ്കൂൾ വിദ്യാർഥികളുമാണ് വാഹനപ്പാച്ചിലിൽ ഏറെ വലയുന്നത്. അതുകൊണ്ടുതന്നെ കൈവരിയോട് കൂടിയ ഫൂട്ട്പാത്തുകൾ നിർമിക്കുകയാണെങ്കിൽ കാൽനടയാത്രക്കാർക്ക് വലിയ ആശ്വാസമാകും. കൂടാതെ ടൗണിലെ സീബ്രാലൈനുകൾ മാഞ്ഞ അവസ്ഥയിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.