തിരുനാവായ: സൗത്ത് പല്ലാറിനെയും വൈരങ്കോടിനെയും ബന്ധിപ്പിക്കാനായി അടിപ്പാത നിർമിക്കണമെന്ന മുറവിളി വീണ്ടും ശക്തമായി. അടിപ്പാതക്കായി കാലങ്ങളായി നാട്ടുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട്. നിലവിൽ തിരുനാവായ ഭാഗത്തുനിന്നുള്ള റോഡ് സൗത്ത് പല്ലാർ ഭാഗത്തും വൈരങ്കോട് ഭാഗത്തുനിന്നുള്ള റോഡ് ചൂണ്ടിക്കലിലും അവസാനിക്കുകയാണ്. ഇരു ഭാഗത്തുമുള്ളവർക്ക് വാഹനത്തിൽ മറുഭാഗത്തെത്താൻ ആറ് കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
പ്രസിദ്ധമായ വൈരങ്കോട് ക്ഷേത്രത്തിലേക്കും എൽ.പി, യു.പി സ്കൂളുകൾ, കൊടക്കൽ ആശുപത്രി, ഇരുഭാഗങ്ങളിലുള്ള മദ്റസ, റേഷൻ കട എന്നിവയിലേക്കും റെയിൽ പാളങ്ങൾ മുറിച്ചു കടന്നുവേണമെത്താൻ. കാലങ്ങൾക്കുമുമ്പ് മുകളിലൂടെ നടപ്പാതക്ക് വേണ്ടി നാട്ടുകാർ രംഗത്തിറങ്ങിയിരുന്നെങ്കിലും റെയിൽവേയുടെ ഇരുഭാഗവും ഉയർന്ന പ്രദേശമായതിനാൽ അത് യാഥാർഥ്യമായില്ല. എന്നാൽ, ഇപ്പോൾ ഇരുഭാഗത്തും അടിപ്പാത നിർമിക്കാൻ അനിയോജ്യമായ സ്ഥലവും ഇരുവശങ്ങളിലും അപ്രോച്ച് റോഡുകളുമുണ്ട്. അതിനാൽ ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി റെയിൽവേയിൽ എം.പി ഇടപെട്ട് പദ്ധതി കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയതിനാൽ ഈ വിഷയം പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ മുന്നിൽ വീണ്ടും ഉയർത്തി കൊണ്ടുവരാനാണ് നാട്ടുകാരുടെ തീരുമാനം. നിലവിലെ പാതകൾക്കുപുറമെ മൂന്നാമതൊരു പാത കൂടി വന്നാൽ യാത്രാപ്രശ്നം രൂക്ഷമാകും. മാത്രവുമല്ല, വളവുകൾ നിവർത്തുന്ന പദ്ധതി റെയിൽവേ ആലോചിക്കുന്നുണ്ടെന്നുമറിയുന്നു. ഇതെല്ലാം തങ്ങളുടെ യാത്ര ക്ലേശം വർധിപ്പിക്കുമെന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.