തിരൂരങ്ങാടി: നഗരസഭയിലെ 30 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾ വീണ്ടും ടെൻഡർ ചെയ്തതായി കെ.പി.എ. മജീദ് എം.എൽ.എ അറിയിച്ചു. അമൃത് പദ്ധതിയിൽ 15.5 കോടി രൂപയുടെയും സ്റ്റേറ്റ് പ്ലാനുകളിൽ ഉൾപ്പെടുത്തിയ നാല് പദ്ധതികൾക്കായി അനുമതി ലഭിച്ച 14 കോടിയുടെയും പ്രവൃത്തികളാണ് റീടെൻഡർ ചെയ്തത്. ഈ പ്രവൃത്തികൾ ആദ്യഘട്ടത്തിൽ ടെൻഡർ ചെയ്തപ്പോൾ ആരും ടെൻഡറിൽ പങ്കെടുക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഈ വിഷയം ചൂണ്ടിക്കാണിച്ച് കെ.പി.എ. മജീദ് എം.എൽ.എയും തിരൂരങ്ങാടി നഗരസഭ സ്ഥിരംസമിതി ചെയർമാന്മാരായ ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി. ബാവ എന്നിവരും ജല അതോറിറ്റി മാനേജിങ് ഡയറക്ടറുമായി ചർച്ച നടത്തിയിരുന്നു.
ഈ ചർച്ചയിലെ തീരുമാനപ്രകാരമാണ് അടിയന്തരമായി റീ ടെൻഡർ ചെയ്തത്. റീടെൻഡറിൽ ബന്ധപ്പെട്ട കരാറുകാരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കെ.പി.എ. മജീദ് എം.എൽ.എയുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ഉന്നതതല യോഗം ചേർന്നു. അമൃത് പദ്ധതിയിൽ 15.5 കോടി രൂപയും സ്റ്റേറ്റ് പ്ലാൻ ഫണ്ടിൽനിന്ന് 14 കോടി രൂപ അർബൻ ഹെഡ്ഡിലായതിനാൽ മുഴുവൻ തുകയും നീക്കിയിരിപ്പുള്ളതായും പണം ബിൽ നൽകുന്ന മുറക്ക് തന്നെ നൽകാൻ കഴിയുമെന്നും കരാറുകാർക്ക് ആശങ്ക വേണ്ടെന്നും ചീഫ് എൻജിനീയർ സുന്ദീപ് യോഗത്തെ അറിയിച്ചു.
കല്ലക്കയം പദ്ധതി കമീഷൻ, ചന്തപ്പടി, കരിപറമ്പ് ടാങ്കുകൾ, പമ്പിങ് മെയിൻ, വിതരണ ലൈനുകൾ ഉൾപ്പെടെയുള്ളതാണ് പദ്ധതികൾ. കെ.പി.എ. മജീദ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ കെ. സുദീപ്, തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, പി.എച്ച് സർക്കിൾ സൂപ്രണ്ട് എൻജിനീയർ എ.ആർ. ഷീജ, വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എം.എസ്. അൻസാർ, വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ടി.എൻ. ജയകൃഷ്ണൻ, വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.കെ. റഷീദലി, ജല അതോറിറ്റി പരപ്പനങ്ങാടി മേഖല അസി. എക്സിക്യൂട്ടിവ് എൻജിനീയർ അജ്മൽ കാളാട്, ജല അതോറിറ്റി തിരൂരങ്ങാടി അസി. എൻജിനീയർ എം.കെ. അബ്ദുൽ നാസർ, ടി.കെ. നാസർ, ജല അതോറിറ്റി ഉദ്യോഗസ്ഥരായ എം. രാജീവ്, വി.എം. രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.