തിരൂരങ്ങാടി: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതിക്ക് അംഗീകാരമായി. നന്നമ്പ്ര പഞ്ചായത്തിലെ എണ്ണായിരത്തോളം കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്ന പദ്ധതിക്കായി 96.8 കോടി രൂപയുടെ അംഗീകാരമാണ് സ്റ്റേറ്റ് വാട്ടര്‍ സപ്ലൈസ് ആന്‍ഡ് സാനിറ്ററി മിഷന്‍ യോഗം അംഗീകാരം നല്‍കിയത്. കഴിഞ്ഞ രണ്ട് തവണ ചേര്‍ന്ന യോഗവും പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നില്ല. കെ.പി.എ. മജീദ് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കടലുണ്ടിപ്പുഴയിലെ ബാക്കിക്കയത്ത് പമ്പ് ഹൗസ് സ്ഥാപിച്ച് അവിടെനിന്ന് ജലം പമ്പ് ചെയ്ത് ചുള്ളിക്കുന്നില്‍ സ്ഥാപിക്കുന്ന ടാങ്ക് വഴി ശുദ്ധീകരണ പ്ലാന്റിലെത്തിച്ച് വീടുകളിലേക്ക് വെള്ളമെത്തിക്കാനാണ് പദ്ധതി. പുഴയില്‍നിന്ന് വെള്ളം എത്തിക്കുന്നതിനും ടാങ്കില്‍നിന്ന് വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുമായി 105 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ശൃംഖല നിർമിക്കും. അതിനായി റോഡ് കീറിയാല്‍ അവ പുനര്‍ നിര്‍മിക്കുന്നതിന് 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഈ പദ്ധതി കൂടി യാഥാര്‍ഥ്യമാകുന്നതോടെ തിരൂരങ്ങാടി നിയോജക മണ്ഡലം സമ്പൂര്‍ണ കുടിവെള്ള സ്വയംപര്യാപ്തത കൈവരിച്ച മണ്ഡലമായി മാറുകയാണ്. കേന്ദ്ര, സംസ്ഥാന, പഞ്ചായത്ത്, ഗുണഭോക്ത വിഹിതം എന്നിവയടങ്ങുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതിക്കാവശ്യമായ തുക ലഭ്യമാക്കിയത്.
തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍പെട്ട എടരിക്കോട് പഞ്ചായത്തിന് നേരത്തേ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള പദ്ധതിക്ക് ആവശ്യമായ തുക ലഭ്യമാക്കിയിരുന്നു. അതുപോലെ തെന്നല പെരുമണ്ണ ക്ലാരി പഞ്ചായത്തുകളില്‍ ജലനിധി പദ്ധതി മുഖേന കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. പരപ്പനങ്ങാടി തിരൂരങ്ങാടി എന്നീ നഗരസഭകളില്‍ നിലവിലുള്ള വാട്ടര്‍ അതോറിറ്റി പദ്ധതിക്കും നിർമാണം പുരോഗമിക്കുന്ന കല്ലക്കയം പദ്ധതിക്കും നഗരസഞ്ചയം പദ്ധതികള്‍ക്കും പുറമേ ജല ജീവന്‍ മിഷന്‍ അര്‍ബന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികൾ സമര്‍പ്പിച്ചിട്ടുണ്ട്. ഇവക്കും വൈകാതെ അംഗീകാരം ലഭ്യമാകുമെന്ന് കെ.പി.എ. മജീദ് എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.