തിരൂരങ്ങാടി: സര്‍ക്കാര്‍ സൗജന്യ ആംബുലന്‍സ് സേവനം നൂലാമാലയിൽപെട്ടതിനാൽ താനൂര്‍ ബോട്ടപകടത്തില്‍ പരിക്കേറ്റ ഒന്നര വയസ്സുകാരിക്ക് വിദഗ്ധ ചികിത്സ മണിക്കൂറുകളോളം വൈകി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അരിയല്ലൂര്‍ സ്വദേശി കുഞ്ഞാലകത്ത് മന്‍സൂര്‍-നുസ്രത്ത് ദമ്പതികളുടെ മകള്‍ ആയിശ മെഹിറിനാണ് (ഒന്നര) മണിക്കൂറുകളോളം ചികിത്സ വൈകിയത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയെ ഇന്നലെ എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു സംഭവം. 25 ദിവസത്തെ ചികിത്സക്ക് ശേഷം കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസവും ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികില്‍സ ആവശ്യമായ കുട്ടിക്ക് കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാന പ്രകാരം വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. 108 ആംബലന്‍സ് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ജില്ല വിട്ടുപോകാനാകില്ലെന്നായിരുന്നു മറുപടി. പല തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആംബുലന്‍സ് വിട്ടുനല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. ആശുപത്രി അധികൃതര്‍ സ്വകാര്യ ആംബുലന്‍സ് വിളിക്കാന്‍ പിതാവിനോട് പറഞ്ഞെങ്കിലും ഇദ്ദേഹത്തിന്റെ പക്കല്‍ പണമുണ്ടായിരുന്നില്ല. കെട്ടിട നിർമാണ ജോലിക്കാരനായ ഇദ്ദേഹത്തിന് ബോട്ടപകട ശേഷം ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.
ഭാര്യ നുസ്രത്തും ബോട്ട് അപകടത്തില്‍ പരിക്കേറ്റ് ഏറെ നാൾ ചികിത്സയിലായിരുന്നു. അപകടത്തില്‍ പതിനൊന്ന് പേർ മരിച്ച പരപ്പനങ്ങാടി ആവീൽ ബീച്ചിലെ കുന്നുമ്മല്‍ സൈതലവിയുടെ സഹോദരിയാണ് നുസ്രത്ത്. ഉച്ചക്ക് രണ്ടരയോടെ തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് ആശുപത്രിയിലെത്തി. അപ്പോഴും 108 ആംബുലന്‍സ് ലഭിക്കുന്നതിനുള്ള സാങ്കേതികത്വം പറഞ്ഞ് ജീവനക്കാരും ഉദ്യോഗസ്ഥരും ഒഴിഞ്ഞുമാറുകയായിരുന്നു.
വിവിധ ഓഫിസുകളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. ഇതോടെ വിഷയം കെ.പി.എ മജീദ് എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി. എം.എല്‍.എ ജില്ലാ മെഡിക്കല്‍ ഓഫിസറുമായി സംസാരിച്ചു. ഉടൻ 108 ആംബുലന്‍സ് അനുവദിക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. എം.എല്‍.എയും ആശുപത്രിയിലെത്തി.
വൈകീട്ട് 3.40ഓടെ ആംബുലസ് എത്തി. എന്നാല്‍, അതില്‍ എ.സി പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചതോടെ യാത്ര വീണ്ടും മുടങ്ങി. ശേഷം കുട്ടികളുടെ ചികില്‍സക്കായുള്ള ആര്.ബി.എസ്.കെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വകാര്യ ആംബുലന്‍സ് ആശുപത്രി അധികൃതര്‍ തന്നെ തയാറാക്കി നല്കി. രാവിലെ റഫര്‍ ചെയ്ത കുട്ടിയെ വൈകീട്ട് നാലോടെയാണ് താലൂക്ക് ആശുപത്രിയില്‍ നിന്ന് അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.