തിരൂരങ്ങാടി: സ്കൂൾ വിദ്യാർഥികൾ തമ്മിൽ സ്കൂൾ വിട്ട ശേഷം തുടർച്ചയായി ചേരിതിരിഞ്ഞുള്ള സംഘട്ടനത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് തിരൂരങ്ങാടിയിലെ നാട്ടുകാരും വ്യാപാരികളും. ദിവസങ്ങളായി വൈകുന്നേരങ്ങളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിലാണ് ടൗണിൽ തല്ലുകൂടുന്നത്.
കഴിഞ്ഞദിവസം പ്ലസ് വൺ വിദ്യാർഥി പ്ലസ് ടു വിദ്യാർഥിയെ അക്രമിക്കുകയും ചുണ്ടിന് സാരമായി പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്യാൻ ഇന്നലെ വീണ്ടും വിദ്യാർഥികൾ സംഘടിച്ചെത്തി പരസ്പരം ഏറ്റുമുട്ടി. വിദ്യാർഥികളുടെ പരസ്പരമുള്ള കൊമ്പുകോർക്കൽ നാട്ടുകാരും വ്യാപാരികളും ഇടപെട്ടാണ് പലപ്പോഴും പിന്തിരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അടിപിടിയുടെ സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. അടിപിടിയിൽ പൊറുതിമുട്ടിയിരിക്കുകയാണ് അധ്യാപകരും. വൈകുന്നേരങ്ങളിലാണ് മിക്ക അടിയും അരങ്ങേറുന്നത്. തിരൂരങ്ങാടിയിലെ വ്യാപാരികളും നാട്ടുകാരും ചേർന്ന് ജാഗ്രതസമിതി രൂപവത്കരിച്ചിട്ടുണ്ട്. പൊതുജനമധ്യത്തിൽ അടികൂടിയാൽ വിദ്യാർഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യം ബോധിപ്പിക്കുമെന്നും തുടർന്ന് പൊലീസിൽ പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു. സ്ഥിരമായി വൈകുന്നേരം ആയിരക്കണക്കിന് വിദ്യാർഥികൾ കടന്നുപോകുന്ന തിരൂരങ്ങാടിയിൽ പൊലീസിന്റെ സ്ഥിര സാന്നിധ്യം വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.